കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) പരീക്ഷയില്‍ നിലവില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പരീക്ഷ റദ്ദ് ചെയ്ത് പുതിയതായി പരീക്ഷ നടത്തണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
സംസ്ഥാന സിവില്‍ സര്‍വ്വീസിലെ ഉയര്‍ന്ന തസ്തികയിലേക്കുള്ള നിയമനങ്ങള്‍ക്കായി രൂപീകരിച്ച കെ.എ.എസിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷ സര്‍ക്കാരിന്‍റെയും പി.എസ്.സിയുടേയും പിടിപ്പുകേടിന്‍റെ പര്യായമായി മാറിയിരിക്കുകയാണ്. കെ.എ.എസ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് പരീക്ഷാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കി പി.എസ്.സിയും സംസ്ഥാന സര്‍ക്കാരും പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
തുടക്കം മുതല്‍ വിവാദത്തിലായ കെ.എ.എസ് പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്ന ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പാകിസ്ഥാനിലെ പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളും ഉത്തര സൂചികകളും ഒരുപോലെ വന്നത് ദുരൂഹത ഉണ്ടാക്കുന്നു. മലയാളത്തിലുള്ള ചോദ്യങ്ങള്‍ പോലും പരീക്ഷാര്‍ത്ഥികളെ വലയ്ക്കുന്നതാണ്. ഈ സാഹചര്യത്തില്‍ കെ.എ.എസ് പരീക്ഷ റദ്ദ് ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.