സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിലും കോളേജ് ഹോസ്റ്റലുകളിലും അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന എസ്.എഫ്.ഐ. തീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയായി മാറിയിരിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind News Bureau
Saturday, November 30, 2019

സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിലും കോളേജ് ഹോസ്റ്റലുകളിലും അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന എസ്.എഫ്.ഐ. തീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയായി മാറിയിരിക്കുന്നതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനാകമാനം അപമാനമുണ്ടാക്കുന്ന അപക്വമായ പ്രവര്‍ത്തനങ്ങളിലൂടെ എസ്.എഫ്.ഐ മുന്നോട്ട് പോകുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായി പ്രവര്‍ത്തനം നടത്തികൊണ്ടാണ്.

വിദ്യാര്‍ത്ഥി സംഘടനയുടെ പരിവേഷത്തില്‍ ക്രിമിനലുകളേയും സാമൂഹ്യ വിരുദ്ധന്മാരെയും പോറ്റി വളര്‍ത്തുന്ന എസ്.എഫ്.ഐ, രാഷ്ട്രീയ തീവ്രവാദികളെ സൃഷ്ടിക്കുന്ന സംഘടനയായി അധപതിച്ചിരിക്കുന്നു. മാര്‍ക്ക് തട്ടിപ്പിലൂടേയും സര്‍വ്വകലാശാല പരീക്ഷ പേപ്പര്‍ അട്ടിമറിച്ചും പി.എസ്.സി പരീക്ഷകളില്‍ പോലും ക്രമക്കേടുകള്‍ കാട്ടി ഉയര്‍ന്ന ഉദ്ദ്യോഗങ്ങള്‍ തരപ്പെടുത്തുന്ന കൊള്ളസംഘങ്ങളുടെ പ്രസ്ഥാനമായി എസ്.എഫ്.ഐ മാറിക്കഴിഞ്ഞിരിക്കുന്നു. ക്യാമ്പസുകളില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ അടിച്ചമര്‍ത്തിയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് സാമൂഹ്യവിരുദ്ധരേയും ക്രിമിനലുകളേയും ചേര്‍ത്ത് എതിര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലെ നേതാക്കളേയും പ്രവര്‍ത്തകരേയും തല്ലിച്ചതച്ചും വെട്ടിക്കൊലപ്പെടുത്തിയും കത്തിക്കുത്തി നടത്തി പരിക്കേല്‍പ്പിച്ചും തലഅടിച്ചു പൊട്ടിക്കുകയും ചെയ്യുന്ന പ്രാകൃത ആക്രമണങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ന്ന വിദ്യാര്‍ത്ഥി സംഘടനയായി എസ്.എഫ്.ഐ മാറിയിരിക്കുകയാണ്.

ക്യാമ്പസുകളില്‍ പെണ്‍കുട്ടികളെ പോലും കടന്നാക്രമിക്കുകയും അവരെ ശാരീരികമായും മാനസികമായും പീഢിപ്പിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ ഗുണ്ടകള്‍ കേരളീയ പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത തീവ്രവാദ പ്രവര്‍ത്തന ശൈലി അവസാനിപ്പിച്ചില്ലെങ്കില്‍ അതിനെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റകെട്ടായി നേരിടാന്‍ രംഗത്ത് വരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

കെ.എസ്.യു പ്രസിഡന്‍റ് അഭിജിത്ത് ഉള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകരെ കഴിഞ്ഞ കുറെ ദിവസങ്ങളായി എസ്.എഫ്.ഐ തീവ്രവാദികളും ഗുണ്ടകളും പിണറായി വിജയന്‍റെ പോലീസും ചേര്‍ന്ന് തല്ലി ചതച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത മര്‍ദ്ദനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് കെ.എസ്.യുവിനെ അടിച്ചമര്‍ത്തി മുന്നോട്ട് പോകാമെന്ന് പിണറായി വിജയന്‍ വ്യാമോഹിക്കേണ്ടായെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

1957ലും 67ലും ഇ.എം.എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്‍ജ്ജവത്തോടു കൂടി പ്രവര്‍ത്തിച്ച കെ.എസ്.യുവിന് എതിരെ എസ്.എഫ്.ഐയേയും പോലീസിനെ ഉപയോഗിച്ചും നടത്തിക്കൊണ്ടിരിക്കുന്ന ഭീകരമായ അക്രമങ്ങള്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്‍കി.