ക്യാമറകളുമായി സംവദിക്കുന്നതിനു പകരം കൊവിഡ് ബാധിതരുടെ ആശങ്കയകറ്റാൻ മുഖ്യമന്ത്രി ശ്രമിക്കണം : കൊടിക്കുന്നിൽ സുരേഷ് എം പി.

Jaihind News Bureau
Monday, July 20, 2020

ക്യാമറകളുമായി സംവദിക്കുന്നതിനു പകരം കൊവിഡ് ബാധിതരുടെ ആശങ്കയകറ്റാൻ മുഖ്യമന്ത്രി ശ്രമിക്കണമെന്ന് കെ പി സി സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം പി.

കൊവിഡ് വ്യാപനത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ ‘എല്ലാം ശരിയായി’ എന്ന് പ്രചാരണം നടത്തിയ കേരള സർക്കാരിന്‍റെ ശ്രമം ഒരു വ്യാജ പ്രതിച്ഛായ സൃഷ്ടിക്കാനായിരുന്നു, എന്നാൽ വർധിച്ചു വരുന്ന രോഗബാധിതരുടെ എണ്ണവും , അവർക്കു വേണ്ടുന്ന സഹായങ്ങൾ എത്തിച്ചു നൽകുന്നതിലും അമ്പേ പരാജയപ്പെട്ട സർക്കാർ ഇന്ന് കേരളത്തിലെ ജനങ്ങളുടെ ജീവൻ കൊണ്ട് ചൂതാടുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി കുറ്റപ്പെടുത്തി.

ലക്ഷകണക്കിന് കിടക്കകൾ ഒരുക്കി കാത്തിരിക്കുന്നുവെന്നു പ്രവാസികളോട് പറഞ്ഞ സർക്കാർ, പ്രവാസികൾ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ അവരെ കയ്യൊഴിഞ്ഞു, കോവിഡ് വ്യാപന നിയന്ത്രണത്തിനായി സർക്കാർ ഒരുക്കിയെന്നവകാശപ്പെട്ട ഒരു സംവിധാനം പോലും നിലവിലില്ല എന്നതിന് തെളിവാണ് കേരളം സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നതിൽ നിന്ന് വെളിവാകുന്നത്.

ലോക്ക് ഡൌൺ കാലഘട്ടത്തിൽ ആരോഗ്യമേഖലയിൽ ഈ സചര്യം നേരിടാനുള്ള മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും , ടെസ്റ്റിംഗ് സംബന്ധിച്ച് നടന്ന മെല്ലെപ്പോക്ക് നയവും കേരളത്തെ ഇന്നത്തെ അപകടകരമായ സാഹചര്യത്തിലേക്ക് നയിച്ചുവെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ടെസ്റ്റിംഗിലും , സൗകര്യങ്ങൾ ഒരുക്കുന്നതിലും കേരള സർക്കാർ പരാജയപ്പെട്ടുവെന്നും വിലപ്പെട്ട നാലുമാസമാണ് സംസ്ഥാന സർക്കാർ പബ്ലിക്ക് റിലേഷൻസ് നാടകം നടത്തി പാഴാക്കിയത്.

ലഘുവായ ലക്ഷണമുള്ളവരെയും , പ്രകടമായ ലക്ഷണങ്ങളുള്ളവരെയും ടെസ്റ്റിംഗ് നടത്തണമെന്ന ഐ സി എം ആർ മാർഗനിർദേശത്തെ അവഗണിച്ച കേരള സർക്കാർ ഇന്ന് രോഗികളുടെയും , ബാഹ്യ ലക്ഷണമില്ലാതെ കോവിഡ് ബാധിച്ചവരുടെയും എണ്ണം കുതിച്ചുയരുമ്പോൾ തീർത്തും പരാജയപെട്ടു നിൽക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

കേരള സംസ്ഥാനം ഒരു വിശാലമായ പട്ടണത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുന്ന സംസ്ഥാനമാണെന്ന വസ്തുത നിലനിൽക്കെ ജനങളുടെ യാത്രയും അവയുടെ രീതിയും അതുവഴി വ്യാപനത്തിന് ഉള്ള സാധ്യതകളും എന്തുകൊണ്ട് സർക്കാർ കണക്കിലെടുത്തില്ല എന്നും വിശദീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ചോദിച്ചു.

ഫാസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങൾ ഒരുക്കുന്നതിൽ ലോക്ക് ഡൌൺ നിലനിന്ന നാല് മാസവും കേരള സർക്കാരിന് ഒരിഞ്ചു പോലും മുന്നേറാനായില്ല ഇതുകൊണ്ട് തന്നെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജില്ലകളിലും വ്യക്തമായ അടിയന്തിര പദ്ധതികൾ ഇല്ലാതെ സ്ഥിതി അതീവഗുരുതരമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയുടെയും കൊവിഡ് നിയന്ത്രണ പദ്ധതികളുടെ പാളിച്ചയുടെയും ഫലമായി ഇന്ന് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, ഒപ്പം സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ സ്ഥിതി അത്യന്തം ഗുരുതരമായി, എല്ലാ മെഡിക്കൽ കോളേജുകളിലും ഡോക്ടർമാർ , നേഴ്‌സുമാർ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നു. കൃത്യ സമയത്തു, മതിയായ റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് ഉൾപ്പെടെ കൂടുതലായി നടത്താൻ പദ്ധതികൾ ആവിഷ്കരിക്കാനാവാത്ത സർക്കാർ സമ്പൂർണ്ണ പരാജയമായി മാറിയെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.