സാമ്പത്തിക പാക്കേജ് : തൊഴിലാളികളുടെ അടിയന്തിരമായ അതിജീവന പ്രശ്‌നങ്ങളെ അവഗണിച്ചു : കൊടിക്കുന്നിൽ സുരേഷ് എം പി

Jaihind News Bureau
Friday, May 15, 2020

കേന്ദ്ര ധന മന്ത്രി നിർമല സീതാരാമന്‍റെ രണ്ടാം സാമ്പത്തിക പാക്കേജിന്‍റെ മൂന്നാം ഘട്ട പ്രഖ്യാപനവും തൊഴിലാളികളുടെ അടിയന്തിരമായ അതിജീവന പ്രശ്‌നങ്ങളെ അവഗണിച്ചുവെന്ന് കോൺഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം പി. വൻ പ്രഖ്യാപനങ്ങൾക്കും വരാൻപോകുന്ന വികസന പദ്ധതികൾക്കായുള്ള ഉത്തേജന പാക്കേജുകളും ഇളവുകളും പ്രഖ്യാപിക്കുന്ന കോടികളുടെ കണക്ക് മാത്രം പത്രസമ്മേളനത്തിൽ വിശദീകരിക്കുന്ന കേന്ദ്ര ധനമന്ത്രി ഡൽഹിയിൽ നിന്നും ഇന്നും കാൽനടയായി അവരവരുടെ നാട്ടിലേക്ക് പോകുന്ന പട്ടിണിപ്പാവങ്ങൾക്ക് മിനിമം വരുമാന പദ്ധതി പ്രകാരം ചുരുങ്ങിയത് അയ്യായിരം രൂപയെങ്കിലും നിക്ഷേപിക്കണമെന്നുള്ള ജനകീയ ആവശ്യത്തെ ഇന്നും നിഷേധിച്ചുവെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

ഫെബ്രുവരി മാസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിന്‍റെ തനിയാവർത്തനവും അതിൽ ഉൾക്കൊള്ളിച്ച പദ്ധതികളുടെ പുനരവതരണവും മാത്രമാണ് ഇന്ന് കേന്ദ്ര ധനമന്ത്രി നടത്തിയത്, കേന്ദ്ര ബജറ്റിന് പുനർവായന നടത്തുന്നത് എങ്ങനെയാണ് സവിശേഷ സാഹചര്യത്തിലെ സാമ്പത്തിക പാക്കേജാകുന്നതെന്നു കൊടിക്കുന്നിൽ സുരേഷ് എം പി ചോദിച്ചു.

ദിവസവേതന അസംഘടിത തൊഴിലാളികളുടെ സാമ്പത്തിക തകർച്ചയുടെ ഗുരുതരാവസ്ഥ ഇനിയും മനസ്സിലാക്കാത്ത കേന്ദ്രസർക്കാർ രാജ്യത്തെ കന്നുകാലികൾക്ക് വാക്സിനേഷൻ നൽകുമെന്ന പ്രഖ്യാപനം നടത്തിയത് ദരിദ്രരുടെ നേർക്കുള്ള പരിഹാസമായാണ് ഈ അവസരത്തിൽ കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.