തൃശൂർ : കൊടകര കുഴൽപ്പണക്കേസിൽ സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് ഇന്ന് റിപ്പോർട്ട് നൽകും. ബിജെപി നേതാക്കൾ ഉൾപ്പെട്ട കളളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്നാണ് കേരളാ പൊലീസിന്റെ ശുപാർശ.
കൊടകര കുഴൽപ്പണക്കേസിലെ കുറ്റപത്രത്തിനൊപ്പം മൂന്ന് വ്യത്യസ്ത റിപ്പോർട്ടുകളും അന്വേഷണ സംഘം തയാറാക്കിയിരുന്നു. ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കാണ് ഈ റിപ്പോർട്ടുകൾ നൽകുക. ബിജെപി നേതാക്കൾ ഉൾപ്പെട്ട കളളപ്പണ ഇടപാട് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്നാണ് കേരളാ പൊലീസിന്റെ ശുപാർശ.
കൊടകരയിൽ കവർച്ച ചെയ്തത് ബിജെപിക്കായി എത്തിച്ച കളളപ്പണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒമ്പത് തവണയായി 40 കോടിയിലേറെ രൂപ കേരളത്തിലേക്ക് കൊണ്ടുവന്നു. 7 തവണ ഹവാലയായും 2 തവണ നേരിട്ടും പണമെത്തി. ബംഗളുരുവിൽ നിന്നായിരുന്നു ഹവാല ഇടപാട്. അവിടെ കാര്യങ്ങൾ നിയന്ത്രിച്ച ബിജെപി സംസ്ഥാന നേതാക്കളെപ്പറ്റിയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
കളളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്നാണ് ഇവർക്കായി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ കളളപ്പണമെത്തിയത് ഗൗരവതരമാണെന്നും ഇക്കാര്യം പരിശോധിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനുളള റിപ്പോർട്ടിലെ ആവശ്യം.