കുഴല്‍പ്പണക്കേസ് : ധര്‍മ്മരാജനുമായി കോന്നിയില്‍ വെച്ച് കൂടിക്കാഴ്ച; അന്വേഷണം സുരേന്ദ്രന്‍റെ മകനിലേക്കും

Jaihind Webdesk
Sunday, June 6, 2021

തൃശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ മകനിലേക്കും അന്വേഷണം നീങ്ങുന്നു. കേസിലെ പരാതിക്കാരനായ ധർമ്മരാജനുമായി സുരേന്ദ്രന്‍റെ മകൻ കോന്നിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

കൊടകര കുഴൽപ്പണക്കേസിൽ നിർണായക നീക്കങ്ങളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നു. പണം കവർച്ച ചെയ്യപ്പെട്ട ദിവസവും അതിനോടനുബന്ധിച്ചും ധർമ്മരാജന്‍റെ ഫോണിലേക്ക് വന്ന കോളുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കെ സുരേന്ദ്രന്‍റെ മകന്‍റെ ഫോൺ നമ്പറിൽ നിന്ന് ധർമ്മരാജന്‍റെ ഫോണിലേക്കും തിരിച്ചും കോളുകൾ പോയിട്ടുണ്ട്. ആരാണ് സംസാരിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സുരേന്ദ്രന്‍റെ മകനെ ചോദ്യം ചെയ്യും. മാത്രവുമല്ല തെരഞ്ഞെടുപ്പ് സമയത്ത് കോന്നിയിൽ വെച്ച് സുരേന്ദ്രന്‍റെ മകനും ധർമ്മരാജനും കൂഴിക്കാഴ്ച നടത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൂടിക്കാഴ്ച നടത്തിയ
ഹോട്ടലിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കേസിൽ ബിജെപിയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്തവർ ആരും ധർമ്മരാജനുമായുള്ള ബന്ധം നിഷേധിച്ചിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനാണ് ധർമ്മരാജനെ ഫോണിൽ വിളിച്ചത് എന്ന വാദത്തിൽ എല്ലാവരും ഉറച്ചുനിൽക്കുകയും ചെയ്യുന്നു. എന്തായാലും മകനെ ചോദ്യം ചെയ്ത ശേഷം ഉടൻ തന്നെ സുരേന്ദ്രനും അന്വേഷണ സംഘം നോട്ടീസ് നൽകും.