കൊടകര കുഴല്‍പ്പണക്കേസ് : ആറ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Jaihind Webdesk
Thursday, July 15, 2021

കൊച്ചി : കൊടകര കുഴൽപ്പണ കേസില്‍ പിടിയിലായ ആറ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ വാദം.

എന്നാല്‍ പറയുന്നതിനേക്കാള്‍ കൂടുതലാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്ന പണമെന്നാണ് വ്യക്തമാകുന്നതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതില്‍ കണ്ടെത്തി കഴിഞ്ഞിട്ടുള്ളത് കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന്‍റെ പകുതി തുകമാത്രമാണ്. നഷ്ടപ്പെട്ട പണം ഇനിയും കണ്ടെത്തേണ്ടതുണ്ട്.

പ്രധാന സാക്ഷിയെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം.ഇത് പരിഗണിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.