കുഴല്‍പ്പണക്കേസ്‌ : ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറിയെ ഇന്ന് ചോദ്യംചെയ്യും

Jaihind Webdesk
Saturday, May 29, 2021

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ഇന്ന് ചോദ്യം ചെയ്യും. പണം കൈമാറിയത് സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഗിരീഷിൽ നിന്ന് തേടുന്നത്. കഴിഞ്ഞ ഞായറാഴ്ച ഹാജരാകാൻ ഗിരീഷിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ന് തൃശൂരിൽ എത്താൻ നിർദ്ദേശം നൽകിയത്. പൊലീസ്‌ ക്ലബ്ബിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം ഗിരീഷിനെ ചോദ്യം ചെയ്യും.

ഇന്നലെ ബി ജെ പി സംഘടനാ സെക്രട്ടറി എം.ഗണേഷിനെ ചോദ്യം ചെയ്തിരുന്നു. കേസിൽ ബിജെപിക്ക് ബന്ധമില്ലെന്ന നിലപാടാണ് ഗണേഷ് സ്വീകരിച്ചത്. കേസിൽ ഉൾപ്പെട്ട ധർമരാജനെ ഫോണിൽ ബന്ധപ്പെട്ട കാര്യം ഗണേഷ് നിഷേധിച്ചില്ല. തിരഞ്ഞെടുപ്പ് സാമഗ്രികൾ എത്തിക്കുന്ന കാര്യത്തിനാണ് വിളിച്ചതെന്നും ഗണേഷ് അവകാശപ്പെട്ടു.
കേസിൽ ഇതുവരെ ചോദ്യം ചെയ്ത ബിജെപി നേതാക്കളുടെ മൊഴികൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. ഇവരിൽ ചിലരെ വീണ്ടും വിളിപ്പിച്ചേക്കും. ബിജെപി നേതൃനിരയിലെ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

കേസിലെ പ്രതികളായ മുഹമ്മദലി, രഞ്ജിത്ത്, ഷുക്കൂർ, റഹീം എന്നിവരുടെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ കോടതി ഇന്നലെ തള്ളിയിരുന്നു. അതിനിടെ മുഖ്യപ്രതി മാർട്ടിന്റ അമ്മ  13.76 പവൻ സ്വർണം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി. അഞ്ച് ലക്ഷം രൂപയുടെ സ്വർണമാണ് പൊലീസിനെ ഏൽപിച്ചത്.