തൃശൂർ : കൊടകരയില്‍ ബിജെിപി നടത്തിയത് വന്‍ ഹവാല ഇടപാടെന്ന് കൊടകര കുഴല്‍പ്പണക്കേസിലെ കുറ്റപത്രം. ബിജെപിയെയും സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെയും പ്രതിരോധത്തിലാക്കുന്നതാണ് കുറ്റപത്രം. ബിജെപിക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ചാക്കില്‍ കെട്ടി കോടികളെത്തിച്ചതെന്നും പണം എത്തിച്ച ധര്‍മ്മരാജന്‍ മോഷണം പോയതിന് പിന്നാലെ വിളിച്ചത് കെ സുരേന്ദ്രനെയാണെന്നും കുറ്റപത്രത്തിലുണ്ട്. അതേസമയം കുറ്റപത്രമല്ല, സിപിഎമ്മിന്‍റെ രാഷ്ട്രീയപ്രമേയമാണെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി കോടികൾ സംസ്ഥാനത്ത് എത്തിച്ചുവെന്ന് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ബിജെപി കേരളത്തിലെത്തിച്ചത്. ഇതിന്‍റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. കൊടകര കവർച്ചയ്ക്ക് ശേഷം ധർമ്മരാജൻ ഉടന്‍ വിളിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെ ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സുരേന്ദ്രന്‍റെ മകന്‍റെ ഫോണിലാണ് വിളിച്ചത്. മറ്റ് ബിജെപി നേതാക്കളെയും ധർമ്മരാജൻ വിളിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊടകര കവർച്ച നടന്ന ദിവസത്തിൽ 6.3 കോടി രൂപ തൃശൂർ ബിജെപി ഓഫീസിൽ എത്തിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. കോഴിക്കോട് നിന്ന് പിക്കപ്പ് ലോറി വഴി മൂന്ന് ചാക്കുകളിലായാണ് പണം വിവിധയിടങ്ങളിലേക്ക് എത്തിച്ചത്. ഇതിൽ 6.3 കോടി രൂപ തൃശൂർ ബി.ജെ.പി. ഓഫീസിൽ എത്തിച്ചു. ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപ വീതം എത്തിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. മൂന്ന് തവണയായിട്ടാണ് പണം സംസ്ഥാനത്തെത്തിയത്. ധർമ്മരാജൻ നേരിട്ടാണ് പണം എത്തിച്ചത്. കർണാടകയിൽ നിന്നാണ് പണം കൊണ്ടുവന്നത്. പണം വാങ്ങേണ്ടവരുടെ വിവരങ്ങൾ ധർമ്മരാജന് കൈമാറിയിരുന്നത് ബി.ജെ.പിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.