തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.പത്ത് കോടിയോളം രൂപയാണ് ധര്‍മ്മജന്‍ തൃശൂരില്‍ എത്തിച്ചതെന്നാണ് വിവരം. ഇതില്‍ 6.30 കോടി രൂപ തൃശൂര്‍ ജില്ലയില്‍ ഏല്‍പ്പിച്ചു. ബാക്കി തുകയുമായി പോകുന്നതിനിടെയാണ് കവര്‍ച്ച നടന്നതെന്നാണ് സൂചന.
ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കുഴല്‍പ്പണം കവര്‍ച്ച ചെയ്തത്. ഏപ്രില്‍ രണ്ടിന് ധര്‍മ്മരാജനും സംഘവും തൃശൂരിലെത്തുമ്പോള്‍ 9.80 കോടി രൂപ കൈവശം ഉണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതില്‍ തൃശൂരില്‍ 6.30 കോടി നല്‍കിയതിന് ശേഷം ബാക്കിയുള്ള 3.50 കോടി രൂപയുമായി പോകുന്നതിനിടെയാണ് മോഷണം നടന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഴല്‍പ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും ഇടപാടുകാരെ പാര്‍ട്ടി നേതൃത്വം ഏര്‍പ്പെടുത്തിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം. അതിനിടെ ധര്‍മ്മരാജനുമായി സുരേന്ദ്രന്‍റെ മകന്‍ കോന്നിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതോടെ അന്വേഷണം സുരേന്ദ്രന്‍റെ മകനിലേക്കും എത്തിയിരിക്കുകയാണ്.