കൊടകര കുഴൽപ്പണക്കേസില്‍ പ്രതികളെ ചൊവ്വാഴ്ച മുതൽ വീണ്ടും ചോദ്യം ചെയ്യും

Jaihind Webdesk
Sunday, September 26, 2021

തൃശൂർ : കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ പ്രതികളെ ചൊവ്വാഴ്ച മുതൽ വീണ്ടും ചോദ്യം ചെയ്യും. കവർച്ചാ പണത്തിലെ ബാക്കി തുക കണ്ടെത്താനാണ് ചോദ്യം ചെയ്യുന്നത്. കൊടകരയിൽ മൂന്നര കോടി രൂപ കവർന്ന കേസിലെ പ്രതികൾ ജാമ്യത്തിലാണ്. ഈ 22 പ്രതികളെയും നോട്ടീസ് നൽകി വീണ്ടും വിളിപ്പിക്കും. അതിന്റെ ഭാഗമായി രണ്ടു പ്രതികളോട് ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം നൽകി. തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനാണ് നിർദേശം.

ഇനിയും കണ്ടെടുക്കാനുള്ള രണ്ട് കോടിയോളം രൂപ സംബന്ധിച്ച വിവരം ശേഖരിക്കാനാണിത്. സ്വർണവും പണവുമായി ഒന്നര കോടി രൂപ പോലീസ് കണ്ടെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ബിജെപി കൊണ്ടുവന്ന പണം കവർച്ച ചെയ്യപ്പെട്ടെന്നാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം പറയുന്നത്. ഏപ്രിൽ 3 ന് പുലർച്ചെയാണ് കൊടകര ദേശീയ പാതയിൽ കാർ ആക്രമിച്ച് പണം കവർന്നത്. ബി ജെ പി യെ വലിയ പ്രതിസന്ധിയിലാക്കിയ കേസിൽ സംസ്ഥാന നേതാക്കളെ അടക്കം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കേസിൽ ഏഴാം സാക്ഷി യാണ്.