കൊടകര കുഴൽപ്പണക്കേസ് : 5.77 ലക്ഷം കൂടി അന്വേഷണ സംഘം കണ്ടെടുത്തു

തൃശൂർ : കൊടകര കുഴൽപ്പണക്കവര്‍ച്ച കേസിൽ 5.77 ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെടുത്തു. ഒന്നാം പ്രതി അലി മൂന്നാം പ്രതി റഹിം എന്നിവര്‍ കടം വീട്ടാന്‍ നല്‍കിയ പണമാണ് പിടികൂടിയത്. കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്തതില്‍ നിന്നാണ് പണത്തെ സംബന്ധിച്ച അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. ഇതോടെ മൂന്നരക്കോടി കവര്‍ച്ച ചെയ്ത കേസില്‍ ഒന്നരക്കോടി രൂപയോളം പൊലീസ് കണ്ടെടുത്തു.

കവർച്ച നടന്ന് രണ്ട് മാസത്തിലധികമായിട്ടും 21 പ്രതികളെ പിടികൂടിയിട്ടും കവർച്ചാ പണം മുഴുവനായും വീണ്ടെടുക്കാനാകാതെ പ്രതിസന്ധിയിലാണ് അന്വേഷണസംഘം. പണം കണ്ടെത്തുന്നതിനായി കോഴിക്കോട്, കണ്ണൂർ  ജില്ലകളിൽ പരിശോധനകളും തുടരുകയാണ്. കണ്ടെടുത്ത പണം തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ധർമ്മരാജന്‍ കോടതിയില്‍ ഹർജി നല്‍കിയിട്ടുണ്ട്. പണം ബിസിനസ് ആവശ്യത്തിന് കൊണ്ടു വന്നതാണെന്നാണ് ധര്‍മ്മരാജന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഇത് സംബന്ധിച്ച് മതിയായ രേഖകൾ ഇപ്പോഴും ഹാജരാക്കിയിട്ടില്ല. പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമ്മരാജന്‍, സുനിൽ നായ്ക്ക് എന്നിവരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. കാറ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡ്രൈവർ ഷംജീറും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികൾ ഇരിങ്ങാലക്കുട കോടതി 30ന് പരിഗണിക്കും. അതേസമയം കവര്‍ച്ചാകേസില്‍ അറസ്റ്റിലായ ആറ് പ്രതികളുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി 30ന് വിധി പുറപ്പെടുവിക്കും.

Comments (0)
Add Comment