കൊച്ചി : കൊച്ചി കോര്‍പ്പറേഷനില്‍ സിപിഎമ്മിന് തിരിച്ചടി. സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നിഷേധിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു. അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് എം.എച്ച്.എം അഷറഫ്. യുഡിഎഫുമായി സഹകരിക്കാന്‍ തീരുമാനം.
കൊച്ചി കോർപറേഷൻ ആറാം വാർഡിലെ കൗൺസിലറാണ് എം.എച്ച്.എം അഷറഫ്. കഴിഞ്ഞ ഒന്നര വര്‍ഷമായി സിപിഎം മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്. നേരത്തെ സ്വതന്ത്രനായി സിപിഎം പിന്തുണയോടെ വിജയിച്ച അഷറഫ് ഇത്തവണ പാർട്ടി ചിഹ്നത്തിൽ മൽസരിച്ചാണ് വിജയിച്ചത്. സിപിഎമ്മിൽ നിന്നും രാജിവച്ചു കൊണ്ടുള്ള കത്ത് അഷറഫ് നേതൃത്വത്തിന് കൈമാറി. സിപിഎം ജില്ലാ കമ്മിറ്റിയില്‍ ആരും തന്നെ അറിയില്ലെന്ന സത്യം മനസിലാക്കിയ നിമിഷം മുതല്‍ മാനസികമായി വല്ലാത്ത സമ്മര്‍ദ്ദത്തിലാണെന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പും മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗത്വവും രാജിവച്ചതായി അറിയിക്കുന്നുവെന്നും നേതൃത്വത്തിന് നൽകിയ രാജിക്കത്തിൽ പറയുന്നു.
കോർപറേഷനിൽ ഇന്ന് നടന്ന സ്ഥിരം സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പിൽ സിപിഎം അവസരം നൽകാത്തതും അഷറഫിന്‍റെ രാജിക്ക് കാരണമായി. വിപ്പ് ലംഘനം പ്രശ്‌നമായി വരുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു അഷറഫ്. എന്നാല്‍ ഇപ്പോള്‍ താന്‍ സിപിഎം വിടുകയാണെന്നും യുഡിഎഫിനെ പിന്തുണക്കുകയാണെന്നും അഷറഫ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
കൗണ്‍സിലർ സ്ഥാനം അഷറഫ് രാജിവെക്കില്ല. പാർട്ടി അംഗമായ അഷറഫിന്‍റെ രാജിയോട് പ്രതികരിക്കാൻ മേയറും –
സിപിഎം ജില്ലാ നേതൃത്വവും തയ്യാറായിട്ടില്ല. നിലവിൽ സ്വതന്ത്രരടക്കം 37 അംഗങ്ങളുടെ പിന്തുണയുള്ള എല്‍ഡിഎഫിന് അഷറഫിന്‍റെ രാജിയെ തുടർന്ന് 36 ആയി അംഗസംഖ്യ കുറഞ്ഞു. യുഡിഎഫിനാകട്ടെ 33 ൽ നിന്നും 34 ആയി അംഗസംഖ്യ വർധിക്കുകയും ചെയ്തു. സ്റ്റാന്‍റിങ് കമ്മിറ്റിയിൽ 1 അധ്യക്ഷ സ്ഥാനത്തേക്ക് യുഡിഎഫ് വിജയിച്ചു. ചരിത്രത്തില്‍ ആദ്യമായി കൊച്ചി നഗരസഭയില്‍ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ബിജെപിക്ക് ലഭിച്ചു എന്നതും ഇന്നത്തെ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകതയായി.