കൊവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാരിന്‍റെ പിടിപ്പുകേട്; കോടിയേരിയുടെ ആരോപണം വീഴ്ച മറയ്ക്കാന്‍: കെ.മുരളീധരന്‍ എം.പി

Jaihind News Bureau
Monday, July 27, 2020

കോഴിക്കോട്: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാരിന്‍റെ പിടിപ്പുകേടെന്ന് കെ.മുരളീധരന്‍ എം.പി. കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ കൊവിഡ് പരത്തുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം സ്വന്തം സർക്കാരിന്‍റെ വീഴ്ച മറച്ചുവെക്കാനാണ്. താമരശ്ശേരി ബിഷപ്പിനെതിരെ കേസ് എടുത്ത നടപടി ശരിയായില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

കുറ്റ്യാടിയിലെ വിവാഹ ചടങ്ങിൽ അവിചാരിതമായി പങ്കെടുത്തതാണ്. വിവാഹത്തിന് തലേദിവസമാണ് പങ്കെടുത്തത്. സംഭവത്തിന്‍റെ പേരിൽ വലിയ സൈബർ ആക്രമണം നേരിട്ടു. സാധരണ രീതിയിൽ രോഗം സ്ഥിരീകരിച്ചതിനു ശേഷമാണ് റൂട്ട് മാപ് പ്രസിദ്ധീകരിക്കാറുള്ളത്. എന്നാൽ തനിക്ക് അതിനു മുൻപ് തന്നെ റൂട്ട് മാപ്പിറക്കി. 105 വയസുള്ള ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ഇതിലേക്ക് വലിച്ചിഴച്ചതിൽ വിഷമമുണ്ട്.

ശരിയായ മരണ നിരക്ക് വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകുന്നില്ല. മരണം മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥൻ തെറ്റുകൾ ചെയ്തിട്ടും അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമായിരിക്കും സിപിഎം നേരിടേണ്ടി വരികയെന്നും അദ്ദേഹം  പറഞ്ഞു.