പ്രവാസികള്‍ക്ക് ആശ്വാസം; കെഎംസിസിയുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കരിപ്പൂരില്‍

Jaihind News Bureau
Thursday, June 4, 2020

 

യു എ.ഇയില്‍ കുടുങ്ങിയ മലയാളികള്‍ക്കായി കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ആദ്യത്തേത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഷാര്‍ജ അഴീക്കോട് മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക വിമാനം ഒരുക്കിയിരുന്നത്. യു.എ.ഇ പ്രാദേശിക സമയം വൈകിട്ട് 6.30ന് വിമാനം റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാത്രി 12 ആണ് കരിപ്പൂരില്‍ ഇറങ്ങിയത്. 159 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

സംസ്ഥാന മുസ്ലീം ലീഗ് നേതാക്കളായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എംപി , സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുമായി കെഎംസിസി നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപിയുടെ ഡല്‍ഹി ഓഫീസ് നടത്തിയ ഇടപെടലാണ് സര്‍വീസുകള്‍ വേഗത്തിലാക്കിയത്.