പി. ജയരാജനോട് ഇണങ്ങിയാലും പിണങ്ങിയാലും മരണം ഉറപ്പെന്ന് കെ.എം. ഷാജി ; ‘ബിംബം’ ഉപയോഗിച്ച് സി.പി.എമ്മിനെ ആക്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി

Jaihind Webdesk
Monday, June 24, 2019

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെച്ചൊല്ലി നിയമസഭയില്‍ ഇന്നും ബഹളം. മുസ്ലിം ലീഗ് അംഗം കെ എം ഷാജിയാണ് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പ്രവാസി വ്യവസായിയുടെ മരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നോട്ടീസ്. പി ജയരാജനെ എതിര്‍ത്താലും അനുകൂലിച്ചാലും മരണം എന്നതാണ് കണ്ണൂരിലെ അവസ്ഥയെന്ന് ഷാജി പറഞ്ഞു.

ഓരോ ഫയലുകളും ഓരോ ജീവിതമെന്ന് പറഞ്ഞാണ് പിണറായി ഭരണം തുടങ്ങിയത്. ഇപ്പോള്‍ ഫയലുകളെല്ലാം പൊലീസ് സ്റ്റേഷനില്‍ എത്തിയെന്ന് ഷാജി പറഞ്ഞു. ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് ധിക്കാരമാണ്. സാജന്റെ കുടുംബത്തിന്‍ പരാതി കേള്‍ക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും, കുടുംബം ആരോപിക്കുന്നവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്താന്‍ തയ്യാറാകുന്നില്ലെന്നും കെ എം ഷാജി ആരോപിച്ചു.

എന്നാല്‍ ഷാജിയുടെ ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ മറുപടി നല്‍കി. ആന്തൂരിലെ വ്യവസായിയുടെ മരണം ദുഃഖകരമായ സംഭവമാണ്. മരിച്ച സാജന്റെ ഭാര്യയുടെ പരാതി ലഭിച്ചു. കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ല. നിഷ്പക്ഷമായ അന്വേഷണം നടത്തും. ആന്തൂര്‍ നഗരസഭ സിപിഎമ്മാണ് ഭരിക്കുന്നത്. എന്നുവെച്ച് സിപിഎമ്മിനെ വേട്ടയാടാമെന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടക്കാന്‍ ശേഷിയില്ലാത്തവര്‍ പോലും ചുവപ്പുനാടയില്‍ കുരുങ്ങുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നു. എല്ലാത്തിനും മറുപടി പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര് തെറ്റുചെയ്താലും, സിപിഎമ്മാണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി സ്വീകരിക്കും. പി ജയരാജനെ ബിംബമായി ഉപയോഗിച്ച സിപിഎമ്മിനെ ആക്രമിക്കേണ്ട. ഇത്തരം ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ബിംബങ്ങളെ ഉപയോഗിച്ചുള്ള വിമര്‍ശനം വിലപ്പോവില്ല. വിഷയത്തില്‍ എം വി ഗോവിന്ദനെതിരെയും ആക്രമണം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി ജയരാജനല്ല, പിണറായി വിജയന്‍ തന്നെ ബിംബമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഗ്രഹങ്ങള്‍ ആരാണെന്നും, വിഗ്രഹ ഭഞ്ജകര്‍ ആരാണെന്നും ജനങ്ങള്‍ക്ക് അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിനോയി കോടിയേരി വിഷയം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷനേതാവിന്റെ പരാമര്‍ശം.