സിപിഎം മരുന്നില്ലാത്ത മാരകരോഗം; മരണ വ്യാപാരികളെ ആദർശ ശ്രേഷ്ഠരാക്കുന്നു, വിമര്‍ശിച്ച് കെ.എം ഷാജി

Jaihind News Bureau
Saturday, June 13, 2020

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച പി.കെ കുഞ്ഞനന്തനെ പ്രകീര്‍ത്തിച്ച മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സിപിഎം നേതാക്കളേയും വിമര്‍ശിച്ച് കെ.എം ഷാജി എംഎല്‍എ. കുഞ്ഞനന്തനെ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും വിശുദ്ധ പട്ടം നല്‍കി ആദരിക്കുകയാണെന്ന് കെ.എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.

ടീച്ചറമ്മ എന്ന് പാർട്ടി ലോകം ആഘോഷ പൂർവ്വം കൊണ്ടാടുന്ന ഒരു മന്ത്രിയുണ്ട് കേരളത്തിൽ. ഈ കോവിഡ് കാലത്ത് വലിയ സഹാനുഭൂതിയുടെയും കരുണയുടെയും കരുതലിന്റെയും ഒക്കെ അമ്മ എന്ന് ആരാധകരാൽ വാഴ്ത്തപ്പെട്ടിരുന്ന അവർ മൃഗീയമായ ഒരു കൊലപാതകത്തിന്റെ സൂത്രധാരനെയാണ് വിശുദ്ധ പട്ടം നൽകി ആദരിച്ചിരിക്കുന്നത്!! സമാനതകളില്ലാത്ത ഒരു കൊലക്കേസ്സ് പ്രതിയെ ‘പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിച്ച മഹാത്മാവ്’ എന്ന വിശേഷണം പതിച്ചു നൽകുന്നത് ഒരു സ്റ്റേറ്റിന്റെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ്. ഇതു വഴി പാർട്ടിയെ ‘എപ്രകാരം സ്നേഹിക്കണമെന്നും ‘അതിന് കിട്ടുന്ന ‘പ്രതിഫലം ‘എന്തെന്നും അണികളെ ഉദ്ബോധിപ്പിക്കുകയാണ് പഴയ പാർട്ടി സെക്രട്ടറി!!- അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒരു മരണവും ആഘോഷിക്കപ്പെടേണ്ടതല്ല!!

ഒരാൾ ഇനിയില്ല എന്ന് ഉറപ്പിക്കുമ്പോൾ ആർക്കെങ്കിലും സങ്കടമുണ്ടാവുന്നതും ആശ്വാസം തോന്നുന്നതും അയാളുടെ ജീവിത കാലത്തെ ചെയ്തികളിൽ നിന്നാണല്ലോ!!

ഹിറ്റ്‌ ലറും മുസ്സോളിനിയും ഇല്ലാതായപ്പോൾ ലോകം ആശ്വസിച്ചത്‌ നമ്മൾ കണ്ടതാണു.

കുഞ്ഞനന്തൻ എന്ന വ്യക്തിയുടെ മരണം ആർക്കെങ്കിലും ആശ്വാസം നൽകുന്നുവെങ്കിൽ അതിന്റെ കാരണം അയാൾ ജീവിച്ചിരുന്ന പാർട്ടി തിരിച്ചറിയുക തന്നെ വേണം.;
അത് കൊണ്ട് തന്നെ മരണപ്പെട്ടു പോയ കുഞ്ഞനന്തനെ ആദരാജ്ഞലികളർപ്പിച്ച് മാറ്റി നിർത്താം നമുക്ക് !

കൈരളിയിലെ വിഷ്വൽ ഇംപാക്റ്റും ദേശാഭിമാനിയിലെ അക്ഷര ജ്വാലകളും ഒരുമിച്ച് നൽകുന്ന ആഖ്യാനങ്ങൾ കേട്ടാൽ ഉത്കൃഷ്ഠനായ ഏതോ സ്വതന്ത്ര്യ-സമര സേനാനിയുടെ നികത്താനാവാത്ത നഷ്ടത്തെ കുറിച്ചാണതെന്ന് നമുക്ക് തോന്നിപ്പോകും;
ഒരു പക്ഷേ, എന്തെങ്കിലും സാധ്യതകൾ ഉണ്ടായിരുന്നുവെങ്കിൽ മരണാനന്തരം ആചാരവെടികളോടെ അദ്ദേഹത്തിന് യാത്രയയപ്പ് നൽകുമായിരുന്നു പിണറായി ഗവൺമെന്റ്!!

ജീവൻ ശരീരത്തിൽ നിന്നും വേർപ്പെട്ട് പോയിട്ടും വെട്ടി വെട്ടി അൻപത്തിയൊന്ന് തികച്ച കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ കൊലപാതകത്തിന്റെ അതിഭീകരനായ ആസൂത്രകനാണ് കുഞ്ഞനന്തനെന്ന് കേരളീയ സമൂഹത്തിന് പ്രകാശം കണക്കെ ബോധ്യമുള്ളത് കൊണ്ട് മാത്രമായിരിക്കാം അത്തരമൊരു കാഴ്ച്ച കാണാനുള്ള നിർഭാഗ്യം നമുക്കില്ലാതെ രക്ഷപ്പെട്ടത്!!

ആസൂത്രകൻ മാത്രമല്ല, നല്ല സൂക്ഷിപ്പുകാരനായ വിശ്വസ്തനും കൂടിയായിരുന്നു കുഞ്ഞനന്തൻ. തനിക്ക് മുകളിലേക്ക് പോകുമായിരുന്ന ഉന്നതമായ എല്ലാ വാതിലുകളും വിശ്വസ്തനായ ആ ‘രഹസ്യ സൂക്ഷിപ്പുകാരൻ’ തടഞ്ഞു നിർത്തി. ആ അർത്ഥത്തിൽ പാർട്ടിയുടെ നീതി ശാസ്ത്ര പ്രകാരം കുഞ്ഞനന്തൻ ആദരവിനുടമയാണ്!!

ടീച്ചറമ്മ എന്ന് പാർട്ടി ലോകം ആഘോഷ പൂർവ്വം കൊണ്ടാടുന്ന ഒരു മന്ത്രിയുണ്ട് കേരളത്തിൽ. ഈ കോവിഡ് കാലത്ത് വലിയ സഹാനുഭൂതിയുടെയും കരുണയുടെയും കരുതലിന്റെയും ഒക്കെ അമ്മ എന്ന് ആരാധകരാൽ വാഴ്ത്തപ്പെട്ടിരുന്ന അവർ മൃഗീയമായ ഒരു കൊലപാതകത്തിന്റെ സൂത്രധാരനെയാണ് വിശുദ്ധ പട്ടം നൽകി ആദരിച്ചിരിക്കുന്നത്!!

സമാനതകളില്ലാത്ത ഒരു കൊലക്കേസ്സ് പ്രതിയെ ‘പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിച്ച മഹാത്മാവ്’ എന്ന വിശേഷണം പതിച്ചു നൽകുന്നത് ഒരു സ്റ്റേറ്റിന്റെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ്. ഇതു വഴി പാർട്ടിയെ ‘എപ്രകാരം സ്നേഹിക്കണമെന്നും ‘അതിന് കിട്ടുന്ന ‘പ്രതിഫലം ‘എന്തെന്നും അണികളെ ഉദ്ബോധിപ്പിക്കുകയാണ് പഴയ പാർട്ടി സെക്രട്ടറി!!

ചന്ദ്രശേഖരന്റെ കൊലപാതകം പോലെ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട ഒന്നായി കുഞ്ഞനന്തന്റെ ജീവിതവും മരണവും പാർട്ടിയാൽ വാഴ്ത്തപ്പെടുന്ന അദ്ദേഹത്തിന്റെ ‘വിശ്വസ്തതയും’ മാറുന്നുണ്ട്.

ജീവനുകളെല്ലാം അമൂല്യമാണ്. മഹാമാരി കാരണമോ രോഗം മൂലമോ ഒരാൾ മരണപ്പെടുന്നത് സങ്കടകരമായ അനിവാര്യതയായി നമുക്ക് കരുതാമായിരുന്നു. പക്ഷേ അതൊന്നുമില്ലാതെ ടിപി ചന്ദ്രശേഖരൻ എന്ന പച്ച മനുഷ്യന്റെ അറുത്തു മാറ്റുന്ന മാംസ ഭാഗങ്ങളുടെ എണ്ണമെടുത്ത് നടത്തിയ കൊലവിളി കാതുകളിൽ നിന്നും മാഞ്ഞു പോകുന്നതിന് മുമ്പേ, കൊലയാളിയെ മഹത്വവത്കരിച്ച് ആ അട്ടഹാസം പുന:സൃഷ്ടിക്കുന്ന ഈ കമ്മ്യൂണിസ്റ്റ് വക്താക്കൾക്ക് എങ്ങനെയാണ് മനുഷ്യ ജീവനുകളെ കുറിച്ച് ആത്മാർത്ഥമായി സംസാരിക്കാനാവുക?!!

കോവിഡ് എന്നല്ല , എല്ലാ വൈറസുകളും തോറ്റു പോകുന്ന ഈ മരണ വ്യാപാരികളെ ആദർശ ശ്രേഷ്ഠരാക്കുക വഴി വാക്സിനേഷനില്ലാത്ത മാരക രോഗമാണു CPM എന്നവർ വീണ്ടും തെളിയിച്ചിരിക്കുന്നു!!

ബംഗാളിലും ത്രിപുരയിലുമൊക്കെ ഗതികെട്ട്‌ ജനങ്ങൾ പ്രയോഗിച്ച ജനാധിപത്യത്തിന്റെ വാക്സിൻ ഉപയോഗിച്ച്‌ മാത്രമെ ഈ മഹാ വിഷമയമായ വൈറസിനെ തോൽപിക്കാൻ കഴിയു എന്ന് നാം തിരിച്ചറിയുക;

അല്ലെങ്കിൽ പാർട്ടിയുടെ സ്റ്റാലിനിസ്റ്റ് നീതി ശാസ്‌ത്രവും രീതി ശാസ്‌ത്രവും അനുസരിച്ചുള്ള ഒരു പാട് വാഴ്ത്തുപാട്ടുകൾ നമ്മൾ ഇനിയും കേൾക്കേണ്ടി വരും!!