പിണറായി കാലത്തെ ‘പരമ യോഗ്യത’യുടെ മാനദണ്ഡം ‘സ്വന്തബന്ധ’വും ‘രക്തബന്ധ’വുമാണോ?; അനധികൃത നിയമനങ്ങള്‍ക്കെതിരെ കെ.എം ഷാജി

Jaihind News Bureau
Thursday, June 25, 2020

ഇടതുസര്‍ക്കാരിന്റെ ഭരണകാലത്തെ അനധികൃത നിയമനങ്ങളെ വിമര്‍ശിച്ച് കെ.എം ഷാജി എംഎല്‍എ.  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മകനെ എനർജി മാനേജ്മെന്‍റ് സെന്‍ററില്‍ ഉയർന്ന പദവിയില്‍ നിയമിച്ചതിനെതിരെയും ബാലാവാകാശ കമ്മീഷന്‍ ചെയർമാന്‍ നിയമനവും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. പിണറായി കാലത്തെ പരമ യോഗ്യതയുടെ മാനദണ്ഡം സ്വന്ത ബന്ധവും രക്തബന്ധവുമാണോയെന്ന് കെ.എം ഷാജി  ഫേസ്ബുക്കില്‍ കുറിച്ചു. മഹാമാരിയുടെ മറവിൽ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സര്‍ക്കാര്‍ നിർബാധം  തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പിണറായി കാലത്തെ ‘പരമ യോഗ്യത’യുടെ മാനദണ്ഡം ‘സ്വന്ത ബന്ധ’വും ‘രക്തബന്ധ’ വുമാണോ?!!

കോവിഡ് കാലത്തെ കടും വെട്ട് നിയമനങ്ങൾ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

ഈ മഹാമാരിയുടെ മറവിൽ അധികാര ദുർവിനിയോഗവും സ്വജന പക്ഷപാതവും നിർബാധം തുടരുകയാണ് ഈ സർക്കാർ!!

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന എനർജി മാനേജ്‌മെന്റ് സെന്ററിൽ മാസം എമ്പതിനായിരം രൂപ ശമ്പളത്തിൽ നിയമനം നൽകിയ വാർത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്.

ഏറ്റവും ഒടുവിൽ ‘പരമ യോഗ്യനായ’ ഒരു പാർട്ടിക്കാരനെ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാനായി ‘കേമു’ പ്രഖ്യാപിച്ചത് ഇന്നലെയാണ്.

മുഖ്യമന്ത്രിയുടെ സ്വന്തക്കാരനു ഇഷ്ടദാനം ആയി കൊടുത്ത ഈ പോസ്റ്റ് സംസ്ഥാനത്തിലെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട, ചീഫ് സെക്രട്ടറി പദവിക്ക് തുല്യമായ ഒരു ക്വാസി ജുഡീഷ്യൽ തസ്തിക ആണ്.

പി ടി എ പ്രസിഡന്റ് പദവിയിൽ ഇരുന്നും സ്കൂളുകളിൽ നിയമ അവബോധന ക്ലാസുകൾ എടുത്തും ‘പേഴ്സൺ ഓഫ് എമിനെൻസ്’ എന്ന യോഗ്യത തെളിയിച്ചു നിയമിതനായ ഈ ‘പരമ യോഗ്യൻ’ (കേമു പറഞ്ഞത്) യോഗ്യതയുടെ കാര്യത്തിൽ പിന്തള്ളിയ മറ്റുള്ളവരുടെ യോഗ്യത പരിശോധിച്ചാൽ ഇയാൾ മുഖ്യമന്ത്രിക്ക് ‘പരമ യോഗ്യൻ’ ആകുന്നത് ഏത് അളവ് കോലിലാണ് എന്ന് മനസ്സിലാകും.

ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിസൈഡിങ് ഓഫിസർ ആയും പോക്സോ കോടതി ജഡ്ജ് ആയും ഒക്കെ വർഷങ്ങളുടെ പ്രവൃത്തി പരിചയം ഉള്ള ജില്ലാ ജഡ്ജി ആയ ശ്രീ. പഞ്ചാപകേശൻ, അത്ര തന്നെ യോഗ്യയായ മറ്റൊരു ജില്ലാ ജഡ്ജി ശ്രീമതി. ടി. ഇന്ദിര തുടങ്ങിയവരും ബാലാവകാശ പ്രവർത്തനങ്ങളിൽ വർഷങ്ങളുടെ പരിചയം ഉള്ള മറ്റ്‌ അപേക്ഷകരെയും ‘യോഗ്യതയിൽ’ കടത്തി വെട്ടിയാണ് ഈ വ്യക്തി ‘പേഴ്സൺ ഓഫ് എമിനെൻസ്’ ആയത്. ആ യോഗ്യത പതിച്ചു കൊടുത്തത് നമ്മുടെ ‘യു എൻ ഫെയിം’ ശൈലജ ടീച്ചറാണ് എന്നതാണ് ഏറെ രസകരം!

ഇതിനൊക്കെ പുറമെ ആണ് കേമുവിന്റെ വിനീത ദാസ്യർ ആയി സർവീസിൽ ഇരുന്ന ഐ എ എസ് ഏമാന്മാർ അടിത്തൂൺ പറ്റിയപ്പോൾ പൊതു ഖജനാവിലെ പണം കൊടുത്തു കൊണ്ടുള്ള ‘ആശ്രിത നിയമനങ്ങൾ’!!

കോവിഡിന്റെ മറവിൽ കേമുവും സംഘവും നടത്തുന്ന ഈ ‘ആശ്രിത നിയമനങ്ങൾ’ തുറന്നു കാട്ടുക തന്നെ ചെയ്യും!!