‘പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം, പഴയമുഖം ആരും മറന്നിട്ടില്ല’; മുഖ്യമന്ത്രിക്ക് കെ.എം ഷാജിയുടെ മറുപടി

Jaihind News Bureau
Thursday, April 16, 2020

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ.എം ഷാജി എംഎല്‍എ. കൊവിഡ് കാലത്ത് രാഷ്ട്രീയത്തിന് വിലക്ക് കല്‍പ്പിച്ചിട്ടില്ല. പണം കൊടുത്തിട്ടില്ലെങ്കില്‍ അത് ചോദിക്കാനും അവകാശമുണ്ട്. കൊടുത്താല്‍ മാത്രം മതിയോ, ചോദിക്കേണ്ടെ എന്നാണോ നിലപാടെന്നും അദ്ദേഹം ചോദിച്ചു.

സിപിഎം ക്രിമിനലുകളെ രക്ഷിക്കാന്‍ അഭിഭാഷകര്‍ക്ക് രണ്ടുകോടി നല്‍കിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നല്ല. പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം.പഴയമുഖം ആരും മറന്നിട്ടില്ല. വികൃതമനസ് ആര്‍ക്കാണെന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്ത ചരിത്രമുണ്ട്. ദുരുതാശ്വാസ നിധിയിൽനിന്ന് ഒരു ഇടതുപക്ഷ എംഎൽഎയ്ക്കും സിപിഎം നേതാവിനും ബാങ്കിലെ കടം തീർക്കാൻ പണം നൽകി. ശമ്പളമില്ലാത്ത എംഎൽഎയായിട്ടും പണം നൽകി. ഗ്രാമീണ റോഡ് നന്നാക്കാൻ ദുരിതാശ്വാസ നിധിയിൽനിന്ന് 1000 കോടി രൂപ നൽകി. 2 കോടി രൂപയാണ് ഷുഹൈബിന്റെയും ഷുക്കൂറിന്റെയും കേസ് വാദിക്കാൻ അഡ്വ. രജിത് കുമാറിന് നൽകിയത്. ഈ പണം എവിടെനിന്നാണെന്ന് മുഖ്യമന്ത്രി പറയണം.

അവസാന ശ്വാസം വരെ പോരാടും. കണക്കു ചോദിക്കാനുള്ള അവകാശമുണ്ട്. ഇവിടെ ജനാധിപത്യ സംവിധാനമാണ്.  പ്രളയ ഫണ്ടിലേക്ക് 8000 കോടി രൂപ ലഭിച്ചു. അടിയന്തര ആശ്വാസം  എന്നു പറഞ്ഞാണ് പ്രളയ ഫണ്ടിലേക്കു പണം വാങ്ങിയത്. 20–7–2019 വരെ 2000 കോടിയാണ് ചിലവഴിച്ചത്. ബാക്കിയായി 5000 കോടിയിലധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലുണ്ട്. പ്രളയം കഴിഞ്ഞ് ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു. കാക്കനാട്ടെ സഖാവ് പണം അടിച്ചുമാറ്റുമ്പോള്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം ലഭിക്കാതെ വയനാട്ടില്‍ ഒരാള്‍ ആത്മഹത്യ വരെ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.