കെ.എം ഏബ്രഹാം കിഫ്ബി സി.ഇ.ഒ പദവി ഒഴിയുന്നു

Jaihind News Bureau
Tuesday, November 17, 2020

വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി)സി.ഇ.ഒ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് കെ.എം ഏബ്രഹാം. ഡിസംബറിൽ കാലാവധി പൂർത്തിയാകുന്ന തനിക്ക് കാലാവധി നീട്ടി നൽകേണ്ടതില്ലെന്ന് കാട്ടിയാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക സ്ഥാപനമായ കിഫ്ബിയെ ചുറ്റിപ്പറ്റി വിവാദങ്ങൾ ചൂടു പിടിക്കുന്നതി നിടെയാണ് സ്ഥാപനത്തിൻ്റെ സി.ഇ.ഒ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് കെ.എം ഏബ്രഹാം രംഗത്ത് വന്നത്.

കിഫ്ബിയുടെ അദ്യ സി.ഇ.ഒയായ ഏബ്രഹാമിൻ്റെ മൂന്നു വർഷ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടി നൽകേണ്ടതില്ലെന്ന് കാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്.

ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ച തനിക്ക് വൻ തുക ശമ്പളമായി നൽകുന്നുവെന്ന വിവാദവും കെ.എം ഏബ്രഹാമിനെ അസ്വസ്ഥനാക്കിയിരുന്നു.

ഇതിനു പുറമേയാണ് കിഫ്ബിയിലെ സി.എ.ജി ഓഡിറ്റ് സംബന്ധിച്ച വിവാദങ്ങൾ ഉയർന്നത്. സാമ്പത്തിക സ്ഥാപനമായ കിഫ് ബി യിൽ ഇ ഡി പരിശോധന നടത്തുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നതിലും കെ.എം ഏബ്രഹാം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടടക്കം വലിയ വിവാദങ്ങളിൽ പെട്ടിരുന്നു. ഇതിൽ സംസ്ഥാനത്തെ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും അന്നത്തെ ധനവകുപ്പ് സെക്രട്ടറിയും ഉയർന്ന പലിശ നിരക്ക് ചൂണ്ടിക്കാട്ടി എതിർപ്പ് ഉന്നയിച്ചിട്ടും ഏബ്രഹാമിൻ്റെ വാദത്തിൽ ഉറച്ച് നിന്ന് ഐസക്ക് മുന്നോട്ട് പോവുകയായിരുന്നു.

എന്നാൽ കിഫ് ബിയെ ചുറ്റിപ്പറ്റി നിരന്തരമായി വിവാദങ്ങൾ ഉണ്ടായതോടെ കെ.എം ഏബ്രഹാം സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടും സർക്കാർ അതിന് അനുമതി നൽകിയില്ല.

തുടർന്നാണ് സി.എ ജി ഓഡിറ്റ് സംബന്ധിച്ച വിവാദങ്ങളിൽ ധനമന്ത്രിയും പ്രതിപക്ഷവും കൊമ്പുകോർത്തത്. ഇതിന് പിന്നാലെയാണ് കാലാവധി അവസാനിക്കുന്ന മുറയ്ക്ക് തന്നെ ഒഴിവാക്കി തരണമെന്നും ഇനി തുടരാൻ താൽപര്യമില്ലെന്നും കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.