കർഷകരോട് കരുണയില്ലാതെ പിണറായി സർക്കാര്‍; പ്രയോജനപ്രദമായ പദ്ധതികള്‍ നിർത്തലാക്കി കന്നുകാലി വികസന ബോർഡ്

Jaihind News Bureau
Sunday, June 7, 2020

ചെലവ് ചുരുക്കലിന്‍റെ പേരില്‍ കർഷകർക്ക് പ്രയോജനപ്രദമായ പദ്ധതികള്‍ നിർത്തലാക്കി സംസ്ഥാന സർക്കാർ. ഫണ്ട് നിയന്ത്രണത്തെ തുടർന്നാണ് ഇത്തരത്തില്‍ പദ്ധതികള്‍ ഉപേക്ഷിക്കേണ്ടിവരുന്നതെന്ന് കേരള കന്നുകാലി വികസന ബോർഡ് ലിമിറ്റഡ് അറിയിച്ചു. അഞ്ച് പ്രധാന പദ്ധതികളുടെ പ്രയോജനമാണ് ഇതിലൂടെ കർഷകർക്ക് നഷ്ടമാകുന്നത്.  കൊവിഡ് കാലത്തും ധൂർത്തും ആർഭാടവും അവസാനിപ്പിക്കാതെ കർഷകരുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പിക്കുകയാണ് പിണറായി സർക്കാർ.

മേയ് 15ന് ചേർന്ന കേരള കന്നുകാലി വികസന ബോർഡ് ലിമിറ്റഡിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. 2020-21 വർഷത്തെ ബജറ്റ് വിഹിതത്തിന്‍റെ 50 ശതമാനം ഫണ്ട് മാത്രമേ ലഭിക്കൂ എന്നതിനാലാണ് പദ്ധതികള്‍ ഉപേക്ഷിക്കുന്നതെന്നാണ് ബോർഡ് അറിയിക്കുന്നത്. മലബാർ ആടുകളുടെ സംരക്ഷണം, വിത്ത് ഉത്പാദനത്തില്‍ ഗവേഷണം നടത്തുന്നിനുള്ള സഹായം, വിത്ത് ഉത്പാദനവും വിതരണവും, കുടുംബശ്രീയുമായി ചേർന്ന് കാലിത്തീറ്റ യൂണിറ്റുകള്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ വഴിയുള്ള പ്രയോജനമാണ് കർഷകര്‍ക്ക് ഇതോടെ നഷ്ടമാകുന്നത്.

ഇതിന് പുറമെ മറ്റ് ചില പദ്ധതികള്‍ക്കായി നിലവില്‍ വകയിരുത്തിയിരിക്കുന്ന തുക വെട്ടിക്കുറയ്ക്കേണ്ടി  വരുമെന്നും ബോർഡ് വ്യക്തമാക്കുന്നു. മാത്രമല്ല, 2019-2020 വർഷത്തെ പദ്ധതി നടത്തിപ്പിലെ കുടിശിക ഇനത്തിലെ തുകയും ഈ വർഷത്തേതില്‍ നിന്ന് വിനിയോഗിക്കേണ്ട സാഹചര്യമുണ്ടെന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നു.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും അനാവശ്യ ധൂർത്തുകളും ആർഭാടങ്ങളും ഒഴിവാക്കാന്‍ സർക്കാർ തയാറല്ല. എന്നാല്‍ ഇത്തരത്തില്‍ അവശ്യ മേഖലകളില്‍ ഏർപ്പെടുത്തുന്ന സാമ്പത്തിക നിയന്ത്രണമാണ് ചോദ്യം ചെയ്യപ്പെടുന്നത്. കർഷകർക്ക് അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതായും ആക്ഷേപമുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ സ്ഥിതി പരുങ്ങലിലായ കർഷകരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന സർക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.