‘ടി.പിയെ കേട്ട ആ നമ്പറിൽ നമുക്ക് പരസ്പരം കേൾക്കാം’ ; മൊബൈല്‍ നമ്പർ വീണ്ടെടുത്ത് കെ.കെ രമ, കുറിപ്പ്

Jaihind Webdesk
Wednesday, June 30, 2021

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്റെ ഫോണ്‍ നമ്പര്‍ തന്റെ ഔദ്യോഗിക ഫോണ്‍ നമ്പരാക്കി വടകര എം.എല്‍.എയും ടി.പിയുടെ സഹധര്‍മിണിയുമായ കെ.കെ രമ. 2012 മേയ് നാലു വരെ പലതരം ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ ടിപിയെ നിരന്തരം വിളിച്ചിരുന്ന നമ്പരായിരുന്നു ഇത്. ടി.പിയെ എതു തരത്തിലാണോ ബന്ധപ്പെട്ടിരുന്നത് അതേതരത്തില്‍ ഏതു സമയത്തും കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനങ്ങള്‍ക്ക് എം.എല്‍.എയെ വിളിക്കാമെന്നും രമ പറഞ്ഞു.

2012 മെയ് നാലിന് രാത്രിയില്‍ ടിപി യുടെ ഇടനെഞ്ചില്‍ വെട്ടേല്‍ക്കുമ്പോള്‍ ചിതറിപ്പോയൊരു ഫോണുണ്ട്. ഏതു പാതിരാവിലും ഏതു വിഷയത്തിലും ആര്‍ക്കും വിളിക്കാമായിരുന്നൊരു നമ്പര്‍. രാഷ്ട്രീയ ഭേദമില്ലാതെ രണ്ടോ മൂന്നോ റിങ്ങുകള്‍ക്കുള്ളില്‍ എടുത്തിരുന്നൊരു ഫോണ്‍. പക്ഷേ അന്ന് രാത്രി ഒഞ്ചിയത്തിലൊഴുകിയ ടിപിയുടെ ചുടു നിണത്തില്‍ ആ ഫോണിന്റെ ഒച്ച ഇല്ലാതെയായി. എന്നാല്‍ ആ നമ്പറില്‍ ഇനി വിളിക്കാം. ഇനി വിളിച്ചാല്‍ എടുക്കുക ടി.പിയുടെ സഹധര്‍മ്മിണിയും വടകര എം.എല്‍.എയുമായ കെ.കെ രമയായിരിക്കും.

9447933040 എന്ന ടിപിയുടെ നമ്പറാണ് രമ വീണ്ടെടുത്ത് സജീവമാക്കുന്നത്. ടി.പി വീണുപോയിടത്ത് നിന്നാണ് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അതിന് ഈ ഓഫീസ് നമ്പറുകളും ഫോണ്‍ നമ്പറുകളും സഹായിക്കുമെന്നും കെ.കെ രമ പറഞ്ഞു.കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതി-മതവ്യത്യാസമില്ലാതെ എം.എല്‍.എയുടെ ഓഫീസിലേക്ക് വരാമെന്നും വിളിക്കാമെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ വൈരത്തിന്റെ വിഷം പുരട്ടിയ വാളുകളുമായി സിപിഎം കൊലയാളി സംഘം ടി.പിയെ വെട്ടി വീഴ്ത്തിയപ്പോള്‍ ആ അരുംകൊലയില്‍ കേരളീയ സമൂഹം ഒന്നടങ്കം ഞെട്ടി. എന്നാലിന്നും കരുത്തുറ്റ നേതാവായി ടിപി ചന്ദ്രശേഖരന്‍ ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.