കോഴിക്കോട് : ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപ്പെടുത്തിയതില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ രമ. ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു. ഇനിയൊരു ചോരക്കുരുതി അരുതെന്ന് വിലപിക്കുന്ന കേരളത്തിന്‍റെ ഹൃദയത്തിലേക്ക് വീണ്ടും ക്രിമിനല്‍ കൂട്ടങ്ങള്‍ കൊലവാള്‍ രാഷ്ട്രീയത്തിന്‍റെ കത്തിയാഴ്ത്തിയെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു. കൊലയാളിക്കൂട്ടങ്ങളെ ചെല്ലും ചെലവും നല്‍കി പോറ്റി വളര്‍ത്തി സംരക്ഷിക്കുന്ന രക്തദാഹി രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെ വലിയ ജനകീയ പ്രതികരണമുയര്‍ത്താന്‍ നാമോരോരുത്തരും രംഗത്തുവന്നേ തീരൂ. മന്സൂറിന്റെ കൊലപാതകത്തില്‍ കടുത്ത പ്രതിഷേധവും, വേദനയും രേഖപ്പെടുത്തുന്നതായും രമ കുറിച്ചു.
കെ.കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ് :
നമ്മുടെ ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു. പാനൂര്‍ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ 22 വയസ്സുകാരനായ മന്‍സൂറിനെയാണ് സിപിഎം കൊലയാളിക്കൂട്ടം ഇന്നലെ തിരഞ്ഞെടുപ്പിന്റെ രാവില്‍ പതിയിരുന്ന് ആക്രമിച്ച് ബോംബെറിഞ്ഞ് വെട്ടിക്കൊന്നുകളഞ്ഞത്. ഇനിയൊരു ചോരക്കുരുതി നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ അരുതെന്ന് എത്രയോ കാലമായി നെഞ്ചുകീറി വിലപിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ ഹൃദയത്തിലേക്ക് എത്ര ക്രൂരവും ഭീകരവുമായാണ് തെല്ലും കയ്യറപ്പില്ലാതെ നമ്മുടെ കൊലവാള്‍ രാഷ്ട്രീയം പിന്നെയും പിന്നെയും കത്തിയാഴ്ത്തിക്കൊണ്ടിരിക്കുന്നത്
എത്രയെത്ര പേരുടെ ജീവിതപ്രതീക്ഷകളേയും സ്‌നേഹാഹ്ലാദങ്ങളേയുമാണ് ഈ ക്രിമിനല്‍ കൂട്ടങ്ങള്‍ ചോരയില്‍ കുളിപ്പിച്ച് കിടത്തുന്നത് മരണം വരെ ഹൃദയം പിളര്‍ന്ന വേദനയുമായി കണ്ണീരിലുരുകി ജീവിക്കേണ്ടി വരുന്ന ആ അമ്മയുമ്മമാരോട് ഈ നാടിന്റെ ജനാധിപത്യ രാഷ്ട്രീയത്തിന് എന്ത് മറുപടിയാണ് പറയാനുള്ളത്?
തങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയം പറയാനും പ്രവര്‍ത്തിക്കാനുമെല്ലാമുള്ള പരിമിതമായ ജനാധിപത്യ സ്വാതന്ത്ര്യം പോലും കൊലവാളുകളാല്‍ വെട്ടിയരിഞ്ഞുതള്ളുന്ന ഈ പൈശാചിക കുലപ്രഭു രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാതെ ഒരു മാനവിക ജനാധിപത്യ സമൂഹമെന്ന നിലയില്‍ തീര്‍ച്ചയായും നമുക്ക് ഒരടി മുന്നോട്ടുനീങ്ങാനാവില്ല. കൊലയാളിനേതൃത്വങ്ങളെ പിടികൂടി തുറുങ്കിലടയ്ക്കാതെ ഈ ചോരക്കളിക്ക് അറുതിയുണ്ടാവില്ലെന്ന് എത്രയോ കാലമായി നാം പറഞ്ഞു കൊണ്ടേയിരിക്കുന്നു.
ഗൂഢാലോചകരുടെ കൈകളില്‍ വിലങ്ങുവീഴാതെ തീര്‍ച്ചയായും നമ്മുടെ രാഷ്ട്രീയത്തെ വാള്‍വാഴ്ച്ചകളില്‍ നിന്ന് നമുക്ക് ഒരിക്കലും മോചിപ്പിക്കാനാവില്ല. കൊലയാളിക്കൂട്ടങ്ങളെ ചെല്ലും ചെലവും നല്‍കിപ്പോറ്റി വളര്‍ത്തി സംരക്ഷിക്കുന്ന രക്തദാഹി രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെ വലിയ ജനകീയ പ്രതികരണമുയര്‍ത്താന്‍ നാമോരോരുത്തരും രംഗത്തുവന്നേ തീരൂ. മന്സൂറിന്റെ കൊലപാതകത്തില്‍ കടുത്ത പ്രതിഷേധം., രോഷം., വേദന…