‘പിണറായിയെ പറഞ്ഞാല്‍ ചിലത് ചെയ്യേണ്ടിവരും’; കെ.കെ രമയ്ക്ക് ‘പയ്യന്നൂർ സഖാക്കളുടെ’ വധഭീഷണി

Jaihind Webdesk
Friday, July 22, 2022

തിരുവനന്തപുരം: വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ രമയ്ക്ക് വധഭീഷണി. ‘പയ്യന്നൂർ സഖാക്കൾ’ എന്ന പേരില്‍ എംഎല്‍എ ഹോസ്റ്റലില്‍ ഭീഷണിക്കത്ത് ലഭിച്ചു. ‘പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ ചിലതു ചെയ്യേണ്ടിവരും. ഭരണം പോയാലും അതു ചെയ്യും’ –  കത്തിൽ ഭീഷണിപ്പെടുത്തുന്നു. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ കെ.കെ രമ എംഎൽഎ ഡിജിപിക്ക് പരാതി നൽകി.

ബുധനാഴ്ചയാണ് കെ.കെ രമ എംഎൽഎയ്ക്ക് വധഭീഷണിക്കത്ത് ലഭിച്ചത്. എംഎൽഎ ഹോസ്റ്റലിന്‍റെ അഡ്രസിലായിരുന്നു കത്ത്. രമയേയും കുടുംബത്തേയും കത്തിൽ മോശമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. പയ്യന്നൂർ സഖാക്കളുടെ പേരിലാണ് കത്ത്. മുഖ്യമന്ത്രിക്കെതിരെയും ഇടതുപക്ഷത്തിനെതിരേയും പറഞ്ഞാൽ ഭരണം പോകുമെന്നൊന്നും നോക്കില്ല തീരുമാനം എടുത്തുകളയുമെന്നാണ് ഭീഷണി കത്തിലുള്ളത്.

അനീതിക്കെതിരെ പോരാടുന്നതിന്‍റെ പ്രതിഫലനമാണ് ഭീഷണിയെന്ന് കെ.കെ രമ പ്രതികരിച്ചു. ഭീഷണിക്കത്തിന് പിന്നാലെ തെളിവുകൾ ഉൾപ്പെടെ രമ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. രമയ്ക്കെതിരെ എം.എം മണി നിയമസഭയിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ മണിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്ന ദിവസങ്ങളിലാണ് കത്തെഴുതിയിരിക്കുന്നത്. മുഖ്യമന്ത്രിയെ വിമർശിക്കുന്നു എന്ന് പറഞ്ഞായിരുന്നു എം.എം മണി നിയമസഭയില്‍ രമയെ അധിക്ഷേപിച്ചത്. രമയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെയും കത്തിൽ ഭീഷണിയുണ്ട്.