ജനപ്രതിനിധികള്‍ക്കുള്ള ആദരമെന്നത് അവരെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ആദരം മാത്രമാണ് ; മേയറുടെ സല്യൂട്ട് വിവാദത്തില്‍ പ്രതികരിച്ച് കെകെ രമ എംഎല്‍എ

Jaihind Webdesk
Saturday, July 3, 2021

കോഴിക്കോട്: ഫ്യൂഡലും കൊളോണിയലുമായ അധികാരബോധങ്ങളെയും അധികാരബന്ധങ്ങളേയും പുതുക്കാനും പുറന്തള്ളാനും കുടഞ്ഞെറിയാനുമുള്ള നവോത്ഥാന പരിശ്രമങ്ങളുടെ കൂടി പേരാണ് ജനാധിപത്യമെന്ന് നേതാക്കള്‍ എപ്പോഴാണ് തിരിച്ചറിയുകയെന്ന് കെ.കെ. രമ എംഎല്‍എ. തനിക്ക് ആദരവ് ലഭിക്കുന്നില്ലെന്ന തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന്റെ പരാതി ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജനപ്രതിനിധികള്‍ക്കുളള ആദരവ് എന്നാല്‍ ജനങ്ങളോടുളള ആദരം മാത്രമാണെന്ന് കെ.കെ. രമ അഭിപ്രായപ്പെട്ടത്.

ജനപ്രതിനിധിയെ കാണുമ്പോഴെല്ലാം പോലീസ് ആഞ്ഞാഞ്ഞ് സല്യൂട്ട് ചെയ്യുന്നതല്ല ആദരവെന്നും രമ കുറിപ്പില്‍ പറയുന്നു. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളുമായി ജനപ്രതിനിധികള്‍ ചെന്നുകയറുന്ന ബ്യൂറോക്രസി അടക്കമുള്ള സര്‍വ്വ ജനാധിപത്യ ഇടങ്ങളിലും അവര്‍ക്ക് നല്‍കേണ്ട മാന്യവും ന്യായവുമായ പരിഗണന ലഭിക്കുന്നുണ്ടോ എന്നതാണ് ആദരവ്, രമ എഴുതുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം :

ജനപ്രതിനിധിക്ക് പോലീസിന്റെ സല്യൂട്ട് കിട്ടാത്തതിന്റെ പരാതിയും പരിഭവവുമെല്ലാം വാര്‍ത്തകളില്‍ നിറയുമ്പോള്‍ നമ്മുടെ ജനാധിപത്യബോധ്യങ്ങളും ജനപ്രാതിനിധ്യബോധങ്ങളുമെല്ലാം ഇക്കാലം കൊണ്ട് നടന്നെത്തിയ ഇടങ്ങളുടെ പരിമിതികള്‍ കൂടിയാണ് ഖേദകരമാം വിധം പരസ്യമാവുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന് മുക്കാല്‍ നൂറ്റാണ്ട് പ്രായമായിട്ടുണ്ട്. ഫ്യൂഡലും കൊളോണിയലുമായ അധികാരബോധങ്ങളെയും അധികാരബന്ധങ്ങളേയും പുതുക്കാനും പുറന്തള്ളാനും കുടഞ്ഞെറിയാനുമുള്ള നവോത്ഥാന പരിശ്രമങ്ങളുടെ കൂടി പേരാണ് ജനാധിപത്യമെന്ന് നമ്മെ നയിക്കുന്നവരെങ്കിലും ഇനി എന്നാണ് തിരിച്ചറിയുക?

ജനപ്രതിനിധികള്‍ക്കുള്ള ആദരമെന്നത് അവരെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ആദരം മാത്രമാണ്., അതില്‍ ഒട്ടും കൂടുതലും കുറവുമല്ല. ജനങ്ങളോടുള്ള ആദരമെന്നത് അവര്‍ തെരഞ്ഞെടുത്ത പ്രതിനിധിയെ കാണെക്കാണെ ഏതെങ്കിലും പൊലീസുകാരന്‍ ആഞ്ഞാഞ്ഞ് സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ല, മറിച്ച് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളുമായി അവരുടെ പ്രതിനിധികള്‍ ചെന്നുകയറുന്ന ബ്യൂറോക്രസി അടക്കമുള്ള സര്‍വ്വ ജനാധിപത്യ ഇടങ്ങളിലും അവര്‍ക്ക് നല്‍കേണ്ട മാന്യവും ന്യായവുമായ പരിഗണന ലഭിക്കുന്നുണ്ടോ എന്നതാണ്. തീര്‍ച്ചയായും അത് ജനാധിപത്യം ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത അവകാശമാണ്. അതിനപ്പുറമുള്ള ആചാരോപചാരങ്ങളെക്കുറിച്ചുള്ള വ്യക്തിഗതമായ ഉത്കണ്ഠകളും പരിദേവനങ്ങളും നമ്മുടെ ജനപ്രാതിനിധ്യ പദവികളെ ചെറുതാക്കിക്കളയും.

ജനപ്രതിനിധിക്ക് പോലീസിന്റെ സല്യൂട്ട് കിട്ടാത്തതിൻറെ പരാതിയും പരിഭവവുമെല്ലാം വാർത്തകളിൽ നിറയുമ്പോൾ നമ്മുടെ…

മേലാളനെ കാണുമ്പോള്‍ തലയില്‍കെട്ടഴിച്ച് കുനിഞ്ഞുനില്‍ക്കേണ്ടുന്ന അധികാരവ്യവസ്ഥയുടെ പേരാണ് ജനാധിപത്യമെന്ന തെറ്റിദ്ധാരണകള്‍ക്ക് ഭരണനടപടികള്‍ വഴി തന്നെ തിരുത്തലുകളുണ്ടാവേണ്ടതുണ്ട്. സൂര്യനസ്തമിക്കാത്ത സല്യൂട്ടടികളിലൂടെ ജനപ്രാതിനിധ്യ ജീവിതം പുളകിതമാകണമെന്ന ആഗ്രഹങ്ങള്‍ നമ്മുടെ ജനാധിപത്യ അധികാരബോധങ്ങളില്‍ കൊടിയിറങ്ങാതെ ഇപ്പോഴും അവശേഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് യാഥാര്‍ത്ഥ്യബോധത്തിലേക്ക് വെളിച്ചം ചൂണ്ടേണ്ടതും ജനാധിപത്യത്തിന്റെ തന്നെ ബാധ്യതയാവുന്നു. ജനങ്ങള്‍ അവരുടെ ബഹുവിധ ജീവിതസേവനങ്ങള്‍ക്ക് ശമ്പളം നല്‍കി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഊര്‍ജ്ജം ഏതെങ്കിലും അധികാരികളെ സല്യൂട്ടടിച്ച് ദുര്‍വ്യയം ചെയ്യേണ്ടതല്ലെന്ന് നമ്മുടെ ജനാധിപത്യം ഒറ്റക്കെട്ടായി തീരുമാനിക്കേണ്ടതുണ്ട്.

ഉദ്യോഗസ്ഥ ശ്രേണിയിലെ നാടുവാഴിത്ത , ബ്രിട്ടീഷ് രാജ് ശേഷിപ്പുകള്‍ തന്നെ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. അതിന് മാതൃകയാവണം ജനപ്രതിനിധികളടക്കമുള്ള പൊതു പ്രവര്‍ത്തകര്‍. യാന്ത്രിക ഉപചാരങ്ങള്‍ അധികാരം കൊണ്ട് പിടിച്ചുവാങ്ങിയതിന്റെ പേരിലല്ല, ഫ്യൂഡല്‍ കൊളോണിയല്‍ അധികാരബോധങ്ങളെ പൊളിച്ചുകളഞ്ഞതിന്റെ പേരില്‍ നമ്മുടെ പൊതുജീവിതങ്ങള്‍ ബഹുമാനിതമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. ജനാഭിലാഷങ്ങള്‍ക്കൊപ്പം നിന്നതിനും ജനങ്ങള്‍ക്കായി പൊരുതിയതിനും നമ്മുടെ പൊതുജീവിതങ്ങള്‍ ജനങ്ങളാല്‍ സ്വമേധയാ ആദരിക്കപ്പെടട്ടെ.