‘നിയമലംഘനങ്ങളെ സാധൂകരിക്കാൻ ഖുർആനെ കൂട്ടുപിടിക്കരുത്; മറുപടി നൽകേണ്ടത് സത്യപ്രതിജ്ഞ ചെയ്ത നിയമം അനുസരിച്ച്’; കെ.ടി ജലീലിനോട് കെ.കെ കൊച്ചുമുഹമ്മദ്

Jaihind News Bureau
Monday, August 3, 2020

വിശുദ്ധ ഖുർആനെ കോൺഗ്രസ്-ലീഗ് നേതൃത്വങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മന്ത്രി കെ.ടി ജലീലിന്‍റെ എഫ്.ബി പോസ്റ്റിന് മറുപടിയുമായി കെ പി സി സി ട്രഷറർ കെ.കെ കൊച്ചുമുഹമ്മദ്. നിയമലംഘനങ്ങളെ സാധൂകരിക്കാൻ ഖുർആനെ കൂട്ടുപിടിക്കരുതെന്നും സത്യപ്രതിജ്ഞ ചെയ്ത നിയമം അനുസരിച്ചാണ് മറുപടി നൽകേണ്ടതെന്നും കെ.കെ കൊച്ചുമുഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചു.

കത്തിന്‍റെ പൂർണരൂപം :

പ്രിയപ്പെട്ട മന്ത്രി കെ. ടി. ജലീൽ,

അണച്ച വിളക്കിലെ എണ്ണ ഖജനാവിലേതാണ്.

ഒരു മത വിശ്വാസിക്ക് കമ്മ്യൂണിസ്റ്റുകാരനാകാൻ കഴിയില്ല. ഒരു കമ്മ്യൂണിസ്റ്റ്‌കാരന് മത വിശ്വാസിയാകാനും കഴിയില്ല.

പ്രിയപ്പെട്ട മന്ത്രി ഡോക്ടർ കെ. ടി. ജലീൽ,

അങ്ങയുടെ ഫേസ്ബുക് പോസ്റ്റിൽ വിശുദ്ധ ഖുർആനെ കോൺഗ്രസ്‌-ലീഗ് നേതൃത്വങ്ങളെ പരിചയപ്പെടുത്തി അറിയിച്ചതുകൊണ്ടാണ് ഈ മറുപടി കുറിക്കുന്നത്. ദയവുചെയ്ത് അങ്ങ് ചെയ്യുന്ന നിയമലംഘനങ്ങളെ സാധൂകരിക്കാൻ അല്ലാഹുവിന്‍റെ വേദഗ്രന്ഥമായ വിശുദ്ധ ഖുർആനെ കൂട്ട് പിടിക്കരുത്. അങ്ങ് പറഞ്ഞല്ലോ “സമൂഹത്തിൽ ഐക്യമുണ്ടാക്കാൻ അവതീർണമായ ഗ്രന്ഥമാണ്. അല്ലാതെ രാജ്യങ്ങൾ തമ്മിൽ നയതന്ത്രബന്ധം തകർക്കാൻ അവതരിപ്പിച്ചിട്ടുള്ളതല്ല”. അങ്ങയെ വിനയത്തോടെ ഓർമ്മപ്പെടുത്തട്ടെ, വിശുദ്ധ ഖുർആനെ ജനങ്ങൾക്ക് പരിചയപെടുത്താൻ അള്ളാഹു ചുമതലപെടുത്തിയത് പ്രവാചകൻ മുഹമ്മദിനെ ആണല്ലോ. ആ ചുമതലാ നിർവഹണം ആരംഭിച്ചതു മുതലല്ലേ ഒരുമയിൽ കഴിഞ്ഞിരുന്ന പ്രവാചകന്റെ കുടുംബത്തിൽ ഭിന്നത ഉടലെടുക്കുന്നത്.എല്ലാവരാലും “അൽഅമീൻ” വിശ്വസ്തൻ എന്നറിയപ്പെട്ടിരുന്ന പ്രവാചകൻ ഒരുവിഭാഗത്തിന് കൊടിയ ശത്രുവായി മാറുന്നത്. നാട് വിട്ട് പാലായനം ചെയ്യേണ്ടി വന്നത്. ഖുർആൻ അറിയപ്പെടുന്നത് സത്യാഅസത്യ വിവേചന ഗ്രന്ഥമായിട്ടാണ്. ഖുർആൻ അള്ളാഹുവിന്റെ മാർഗത്തിൽ ജീവിക്കുവാൻ ആഹ്വാനം ചെയ്യുന്നതാണ്. ഞാനും താങ്കളും ചെയ്യുന്ന തെറ്റുകൾക്ക് മറ പിടിക്കാനുള്ളതല്ല.അങ്ങ് എന്നെയും കൂടി പ്രതിനിധാനം ചെയ്യുന്ന മന്ത്രിയല്ലേ. യു എ ഇ കോൺസ്‌ലെറ്റിൽ നിന്നും ഏതാനും ഭക്ഷ്യ കിറ്റുകൾ നിയമപരമായി വിതരണം ചെയ്യാൻ അവസരം ലഭിച്ചാൽ നിയോജക മണ്ഡലത്തിൽ അങ്ങയുടെ ഇഷ്ടക്കാർക്ക് വിതരണം നടത്തലാണോ അങ്ങയുടെ ഭാഷയിലുള്ള സക്കാത്ത്?ഇത് സകാത്തിനെ വികൃതമാക്കലല്ലേ? ഇത് സത്യ പ്രതിജ്ഞാ ലംഘനം അല്ലേ? കേരളത്തിന്റെ വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ ചുമതലപെടുത്തിയ മന്ത്രി എന്ന നിലയിൽ ലഭിച്ച വിശുദ്ധ ഖുർആൻ ഗ്രന്ഥങ്ങളും ഭഷ്യ ക്വിറ്റുകളും വിതരണം ചെയ്യുന്നതിൽ ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചുവോ? ഇന്ത്യയിലെയും കേരളത്തിലെയും നിയമങ്ങൾ പാലിച്ചുവോ?പാർലിമെന്റ് മെമ്പർ ശ്രീ ബെന്നിബഹനാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ഇന്ത്യയിൽ നിലനിൽക്കുന്ന നിയമലംഘനം താങ്കൾ നടത്തിയതിന് നടപടി സ്വീകരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടാണ്. അതിന് താങ്കൾ മറുപടി നൽകേണ്ടത് താങ്കൾ സത്യപ്രതിജ്ഞ ചെയ്ത നിയമം അനുസരിച്ചാണ്. ഇവിടെ ഇസ്ലാമിക നിയമങ്ങളെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാൻ ശ്രമിക്കുന്നത് സമുദായ വികാരം ഉണ്ടാക്കുവാനുള്ള ബോധപൂർവമായ ശ്രമം ആണ്.

ഇസ്ലാമിക നീതി അടയാളപെടുത്തുന്ന രണ്ട് സംഭവങ്ങൾ കുറിക്കട്ടെ. ഒരിക്കൽ ഇസ്ലാമിക ചരിത്രത്തിലെ രണ്ടാം ഖലീഫ ഉമറുബിനു ഖത്താബ് പ്രസംഗിച്ചുകൊണ്ടിരി ക്കവേ സ്രോതാക്കളിൽ നിന്നും ഒരാൾ എഴുന്നേറ്റു നിന്ന് പറഞ്ഞു. താങ്കൾ പറയുന്നത് കേട്ട് ഞാൻ അനുസരിക്കുകയില്ല. ഉമർ കാരണം ആരാഞ്ഞു. സ്രോതാവ് പറഞ്ഞു. യമനിൽ നിന്നും ഖജനാവിലേക്ക് തുണികൾ ലഭിച്ചിരിന്നുവല്ലോ. ആ തുണികൾ എനിക്കും താങ്കൾക്കും അളവിൽ ഒരുപോലെയാണ് വിതരണം ചെയ്യേണ്ടത്. എന്നാൽ താങ്കൾ ആ തുണികൊണ്ട് കുപ്പായം തുന്നി ഇട്ടിരിക്കുന്നു. താങ്കൾ കൂടുതൽ വണ്ണം ഉള്ള ആളാണ്‌. എനിക്ക് ലഭിച്ച അതെ അളവ് തുണികൊണ്ട് ഇതുപോലെ താങ്കൾക്ക് കുപ്പായം തുന്നി ധരിക്കുവാൻ കഴിയില്ല. താങ്കൾ കൂടുതൽ തുണി എടുത്തിരിക്കുന്നു.കുറ്റാരോപണം കേട്ട ഉമർ സ്രോതാക്കളിൽ ഒരാളായ ഉമറിന്റെ മകനോട് മറുപടി പറയുവാൻ ആവശ്യപ്പെട്ടു. മകൻ അബ്ദുള്ള മറുപടി പറഞ്ഞു. യമനിൽ നിന്നും ലഭിച്ച തുണി ഒരേ അളവിലാണ് എല്ലാവർക്കും വിതരണം ചെയ്തത്. എന്റെ വാപ്പ ഉമറിന്റെ കുപ്പായത്തിന് കൂടുതൽ തുണി ആവശ്യമായതിനാൽ എനിക്ക് ലഭിച്ച തുണി കൂടി ഉപയോഗപ്പെടുത്തിയാണ് വാപ്പയുടെ കുപ്പായം തുന്നിയത്. മറുപടി കേട്ട സ്രോതാവ് തിരുത്തി പറഞ്ഞു. ഉമർ പറയുന്നത് ഞാൻ കേൾക്കുകയും അനുസരിക്കുകയും ചെയ്യും. ഇതാണ് ജലീലേ ഇസ്ലാമിക നീതി. ഒരിക്കൽ ഇസ്ലാമിക ചരിത്രത്തിലെ രണ്ടാം ഉമർ എന്നറിയപ്പെടുന്ന ഖലീഫ ഉമറുബിനു അബ്ദുൽ അസിസ് വിളക്ക് കത്തിച്ചു വെച്ച് ഭരണകാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. പിന്നീട് സ്വന്തം കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. അപ്പോൾ കത്തിച്ചു വെച്ചിരിക്കുന്ന വിളക്ക് അണച്ചു. മറ്റുള്ളവർ കാര്യം തിരക്കി. അപ്പോൾ ഖലീഫ പറഞ്ഞു. അണച്ച വിളക്കിലെ എണ്ണ ഖജനാവിലേതാണ്. ആ എണ്ണ ഉപയോഗപ്പെടുത്തി സ്വകാര്യ കാര്യങ്ങൾ ചർച്ച ചെയ്യുവാൻ പാടില്ല. ഇതാണ് ഇസ്ലാമിക സൂഷ്മതയുള്ള ഭരണാധികാരിയുടെ അളവ് കോല്. താങ്കൾ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ ആകാൻ സാധ്യത ഇല്ല. കാരണം ഒരു മതവിശ്വാസിക്ക് കമ്മ്യൂണിസ്റ്റ്‌കാരൻ ആകാനോ ഒരു കമ്മ്യൂണിസ്റ്റ്‌കാരന് മത വിശ്വാസി ആകാനോ കഴിയില്ലെന്ന് താങ്കൾക്ക് അറിയുമല്ലോ. കമ്മ്യൂണിസ്റ്റ്‌കാരന് എന്തുമാകാം. ഈശ്വരനെ നിഷേധിക്കുന്ന, മരണാനന്തര ജീവിതം നിഷേധിക്കുന്ന, സ്വർഗ്ഗവും നരകവും നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ്‌കാരനെ പോലെ അല്ലല്ലോ താങ്കൾ. “ഒരു ജർമൻ യഹൂദിയുടെ പ്രതികാരബുദ്ധിയിൽ നിന്നും പൊട്ടി പുറപ്പെട്ടതും റഷ്യയിൽ തഴച്ചു വളർന്നതുമായ വിഷചെടിയാണ് കമ്മ്യൂണിസം. ജർമൻ ജൂതന്മാരുമായോ റഷ്യക്കാരുമായോ ഭാരതീയരായ നിങ്ങൾക്ക് എന്തുണ്ട് ബന്ധം?”.അബുൽ അഅ് ലാ മൗദൂദി പറഞ്ഞത് താങ്കൾക്ക് അറിയാമല്ലോ. ഒരു കമ്മ്യൂണിസ്റ്റ്‌കാരനായ മുഖ്യമന്ത്രിയെ പോലെ താങ്കൾ ആകരുത്. താങ്കൾക്ക് പരലോകവും വിചാരണയും രക്ഷയും ശിക്ഷയും സ്വർഗ്ഗവും നരകവും ഉണ്ടല്ലോ. കോടാനുകോടി ജനങ്ങളുടെ നികുതിപണം കൊണ്ട് എണ്ണ ഒഴിച്ച സർക്കാർ വക വാഹനം സ്വകാര്യ സല്ലാപത്തിന് സർക്കാർ സെക്രട്ടറി ദുരുപയോഗം ചെയ്തതിന് മറുപടി പറയേണ്ടി വരുമെന്ന് താങ്കൾക്ക് അറിയാമല്ലോ. അതിനൊക്കെ ഒരു പരിഹാരം കണ്ടിട്ട് പോരേ കോൺഗ്രസ്‌കാരെയും ലീഗ്കാരേയും പഠിപ്പിക്കുവാൻ.

സമുദായ ഐക്യത്തെ കുറിച്ച് വിശുദ്ധ ഖുർആന്റെ വീക്ഷണം 109-മത്തെ അദ്ധ്യായത്തിൽ പറയുന്നു “നബിയേ പറയുക : അവിശ്വാസികളെ, നിങ്ങൾ ആരാധിച്ചുവരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല. ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങൾ ആരാധിച്ചു വന്നതിനെ ഞാൻ ആരാധിക്കുവാൻ പോകുന്നവനുമല്ല. ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുവാൻ പോകുന്നവരല്ല. നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും.”മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല”.(2:256).സത്യം നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ (18:29).”നാം ദൈവവുമായി മല്ലിടും, അത്യുന്നത സ്വർഗത്തിൽ വെച്ച് അവനെ നാം കീഴടക്കും, അവൻ അഭയം തേടുന്നിടത്തെല്ലാം ചെന്ന് നാം അവനെ ശാശ്വതമായി നിഗ്രഹിക്കും “എന്ന് പറഞ്ഞ സഖാവ് ലെനിന്‍റെ ആശയാദർശങ്ങൾ നടപ്പിലാക്കുവാൻ പ്രതിജ്ഞാബന്ധമായ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയെ സംരക്ഷിക്കാനും താങ്ങി നിറുത്തുവാനും വേണ്ടി താങ്കൾക്ക് ഇസ്ലാമിക ആശയാദർശങ്ങൾ എത്ര കാലം പണയം വെക്കേണ്ടിവരുമെന്ന് ആത്മപരിശോധന നടത്തുക.

സ്നേഹപൂർവ്വം,
കെ. കെ.കൊച്ചുമുഹമ്മദ്‌, കെ.പി. സി.സി. ട്രഷറർ..