കിഴക്കമ്പലം അക്രമം: 156 പേർ അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍

Jaihind Webdesk
Monday, December 27, 2021

 

കൊച്ചി : കിഴക്കമ്പലത്ത് കിറ്റെക്‌സ് ജീവനക്കാരായ അതിഥി തൊളിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത് 156 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെ 11 വകുപ്പുകൾ ചുമത്തി.

പരിക്കേറ്റ പൊലീസുകാരുടെ മൊഴി പ്രകാരമാണ് വകുപ്പുകൾ ചുമത്തിയത്. അറസ്റ്റിലായവരുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. 24 പേരുടെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായി. അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രതികളുമായി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നത് ഉള്‍പ്പെടെയുള്ള കര്യങ്ങള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കാനാണ് പൊലീസ് നീക്കം. കിറ്റെക്സ് തൊഴിലാളികളുടെ ആക്രമണത്തില്‍ പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റിരുന്നു.

അക്രമത്തിന്‍റെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിച്ച് വ്യക്തത വരുത്തും. ഇന്നലെ 24 പേരെയാണ് അറസ്റ്റ് ചെയ്തതത്. അക്രമ സംഭവം നടക്കുന്ന സമയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്നവരും അവരുടെ മൊബൈലുകളില്‍ ദൃശ്യങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇതും പോലീസ് പരിശോധിക്കും. വധശ്രമം, പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള 11 വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതലാളുകളെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടോയെന്നും ആരെങ്കിലും ഒളിവില്‍ പോയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പെരുമ്പാവൂര്‍ എ എസ് പിയുടെ നേതൃത്വത്തില്‍ പത്തൊന്‍പതംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്നുതന്നെ വൈദ്യപരിശോധന നടത്തി കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ദിവസം അർധ രാത്രിയാണ് കിഴക്കമ്പലത്തെ ഭീതിയിലാക്കി കിറ്റെക്സിലെ തൊഴിലാളികൾ അക്രമം അഴിച്ചുവിട്ടത്. ക്രിസ്തുമസ് കരോള്‍ നടത്തുന്നതിനെച്ചൊല്ലി കിറ്റക്‌സിന്‍റെ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു വലിയ സംഘർഷത്തിലേക്ക് നയിച്ചത്. സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ മൂന്ന് ജീപ്പുകളിൽ ഒന്ന് കത്തിക്കുകയും രണ്ടെണ്ണം അടിച്ച് തകർക്കുകയും ചെയ്തിരുന്നു.