കിറ്റെക്സ് തൊഴിലാളികള്‍ക്ക് മിനിമം വേതനമില്ല, വൃത്തിഹീനമായ സാഹചര്യം; വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട്

Jaihind Webdesk
Friday, July 2, 2021

കൊച്ചി : എറണാകുളം കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികളിൽ ഭൂരിഭാഗം പേർക്കും മിനിമം വേതനം ലഭിക്കുന്നില്ലെന്ന് തൊഴിൽ വകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തി. കമ്പനിയിലെ മുഴുവൻ തൊഴിലാളികൾക്കും അടിയന്തരമായി മിനിമം കൂലി നൽകണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് ലേബർ കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്.

കിറ്റെക്സിലെ തൊഴിലാളി ചൂഷണത്തെ കുറിച്ച് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം കമ്പനിയിൽ പരിശോധന നടത്തിയത്. മലയാളികളും ഇതര സംസ്ഥാനക്കാരുമായ നാനൂറോളം തൊഴിലാളികളുടെ മൊഴിയെടുത്ത ഉദ്യോഗസ്ഥർക്ക് മുന്നിലാണ് തൊഴിലാളികൾ തങ്ങളുടെ ദയനീയാവസ്ഥ വിവരിച്ചത്. കമ്പനിയിൽ ഇരുപത് വർഷത്തിന് മുകളിലായി ജോലി ചെയ്യുന്നവർക്ക് ഒൻപതിനായിരം മുതൽ പതിമൂവായിരം വരെയാണ് കൂലി ലഭിക്കുന്നതെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ ഹാജർ ബുക്കും ഇവിടെ സൂക്ഷിക്കുന്നില്ലെന്ന് ലേബർ ഓഫീസർ കണ്ടെത്തിയിട്ടുണ്ട്. എല്ലാ തൊഴിലാളികൾക്കും കുടിശിക തീർത്ത് ഉടൻ തന്നെ മുഴുവൻ കൂലിയും നൽകണമെന്ന് കമ്പനിക്ക് നൽകിയ നോട്ടീസിൽ തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കമ്പനിയിലെ തൊഴിലാളി ക്യാമ്പുകളുടെ അവസ്ഥ അതിദയനീയമാണെന്നും കൊവിഡ് കാലഘട്ടത്തിൽ തൊഴിലാളികളുടെ ആരോഗ്യത്തിന് വൻ ഭീഷണി ഉയർത്തുന്ന സാഹചര്യമാണ് ലേബർ ക്യാമ്പുകളിലുള്ളതെന്ന് ആരോഗ്യ വകുപ്പും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. 200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മുറികളിൽ പത്തിൽ കൂടുതൽ ആളുകൾ താമസിക്കുന്നതായും ക്യാമ്പ് പരിസരം മലിനമാണെന്നും ആരോഗ്യ വകുപ്പിന്‍റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തൊഴിലാളികൾക്ക് ഉപയോഗിക്കാൻ ആവശ്യമുള്ള ശുചിമുറികൾ ഇല്ലെന്നും നിലവിൽ ഉപയോഗിക്കുന്ന ശുചിമുറികൾ വൃത്തിഹീനമാണെന്നും ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിലുണ്ട്.