നിരന്തര പരിശോധനകളിലൂടെ സര്‍ക്കാര്‍ ദ്രോഹിക്കുന്നു; 3500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കിറ്റെക്സ്

Jaihind Webdesk
Tuesday, June 29, 2021

 

കൊച്ചി : സംസ്ഥാന സർക്കാരുമായി ചേർന്നുള്ള 3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്സ്. 2020 ജനുവരിയില്‍ കൊച്ചിയില്‍ വെച്ച് നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവെച്ച  പദ്ധതിയില്‍ നിന്നാണ് കിറ്റെക്സ് പിന്മാറുന്നതെന്ന് എംഡി എം സാബു ജേക്കബ് വാർത്താകുറിപ്പിൽ അറിയിച്ചു.സര്‍ക്കാര്‍ വകുപ്പുകളുടെ തുടര്‍ച്ചയായ പരിശോധന ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പിന്മാറ്റം.

ഒരു അപ്പാരൽ പാർക്കും കൊച്ചി , തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ മൂന്ന്  വ്യവസായ പാർക്കും തുടങ്ങാമെന്നായിരുന്നു ധാരണ. ഇതിൽ നിന്നാണ് കിറ്റെക്സിന്‍റെ പിന്മാറ്റം.  ഒരു മാസത്തിനുള്ളിൽ പരിസ്ഥിതി, തൊഴിൽ, തുടങ്ങി വിവിധ വകുപ്പുകളുടെ 11 പരിശോധനകളാണ് കിറ്റെക്സ് കമ്പനിയിൽ നടന്നതെന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

നിലവിലെ വ്യവസായം പോലും മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്നും ഇങ്ങനെയെങ്കിൽ കേരളത്തിൽ പുതിയ സംരംഭം തുടങ്ങാൻ ആരും വരില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. വ്യവസായത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പരിശോധന നടത്തുന്നവര്‍ എന്താണ് പ്രശ്നമെന്ന് പോലും പറയാന്‍ തയാറാകുന്നില്ലെന്നും ഈ സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്നും സാബു ജേക്കബ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.