കിഫ്ബിയെന്ന കടലാസ് പദ്ധതികള്‍; പ്രഖ്യാപിച്ചത് 26 പദ്ധതികള്‍, പണം ചെലവഴിച്ചത് രണ്ടെണ്ണത്തിന്; സംസ്ഥാനത്തിന്റെ പൊതുകടം വര്‍ദ്ധിച്ചു; ഞെട്ടിക്കുന്ന കണക്കുകളുമായി സി.എ.ജി റിപ്പോര്‍ട്ട്

Jaihind News Bureau
Thursday, November 14, 2019


കിഫ്ബി പ്രഖ്യാപനങ്ങള്‍ കടലാസില്‍ മാത്രമെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍. കിഫ്ബിയില്‍ കഴിഞ്ഞ രണ്ട് സമ്പത്തിക വര്‍ഷത്തില്‍ 26 പദ്ധതികള്‍ പ്രഖ്യപിച്ചെങ്കിലും രണ്ട് പദ്ധതികള്‍ക്ക് മാത്രമേ പണം ചെലവഴിച്ചുള്ളൂ. സംസ്ഥാനത്തിന്റെ പൊതുകടം വര്‍ധിച്ചതായും ദുരന്ത നിവാരണത്തിനുള്ള ഫണ്ട് സര്‍ക്കാര്‍ വകമാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കിഫ്ബി പദ്ധതികള്‍ ഒന്നും നടപ്പിലാകുന്നില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി ആകെ 26 പദ്ധതികളാണ് കിഫ് ബി വഴി പ്രഖ്യാപിച്ചത്. ഇതിനായി 15,576 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ആകെ രണ്ട് പദ്ധതികള്‍ക്കായി 47.83 കോടി രൂപ മാത്രമാണ് കിഫ് ബി നല്‍കിയത്. ഇതില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെറും 36 ലക്ഷം മാത്രമാണെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കി ഫ്ബി വഴി കടം വാങ്ങിയ 100 .8 കോടി സംസ്ഥാനത്തിന്റെ ബാധ്യതകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സി എ ജി കണ്ടെത്തി. സംസ്ഥാനത്തിന്റെ പൊതുകടം വര്‍ധിച്ചതായി സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. റവന്യൂ കമ്മി 2016-17 വര്‍ഷത്തെ 15, 484 കോടിയില്‍ നിന്ന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 16,928 കോടിയായാണ് ഉയര്‍ന്നത്. ധനകമ്മി 4.3 ശതമാനത്തില്‍ നിന്നു 3. 9 ശതമാനമായി മെച്ചപ്പെട്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു .എന്നാല്‍ ധനകമ്മി മൂന്നു ശതമാനമായി നിലനിര്‍ത്തണമെന്നതായിരുന്നു ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ.റവന്യൂ ചിലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 91,096 കോടിയില്‍ നിന്നു 99948 കോടിയായും വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് വകമാറ്റി ചിലവഴിച്ചെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ദുരന്ത നിവാരണവുമായി ബന്ധമില്ലാത്ത മരാമത്ത് പണികള്‍ക്ക് 3.92 കോടി ഉപയോഗിച്ചു. വര്‍ച്ച നേരിടാനുള്ള പ്രവര്‍ത്തികള്‍ക്കായും പണം ചിലവഴിച്ചതാതും റിപ്പോര്‍ട്ടിലുണ്ട്. എസ് ഡി ആര്‍ എഫിലേക്കു ലഭിക്കുന്ന വിഹിതം പബ്ലിക്ക് അക്കൗണ്ട് ഹെഡ്ഡിലേക്ക് മാറ്റാനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടായതായി. ഇത്തരത്തില്‍ കാലതാമസം വരുത്തിയതിലുള്ള പലിശ ബാധ്യതയായ 6.64 കോടി രൂപയും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 -18 വര്‍ഷത്തെ സാമ്പത്ത് വ്യവസ്ഥയെക്കുറിച്ചുള്ള സി എ ജി റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ നിയമസഭയില്‍ വെച്ചത് .