കിഫ്ബിയില്‍ കോടികളുടെ അഴിമതി ; സിഎജിക്കെതിരായ സർക്കാർ നീക്കം അഴിമതി മറയ്ക്കാന്‍ : രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Sunday, November 15, 2020

 

കണ്ണൂർ: കിഫ്ബി വിവാദം സ്വര്‍ണക്കടത്ത്, മയക്കുമരുന്ന്  കേസുകളില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജിക്കെതിരായ നീക്കം അഴിമതി മറയ്ക്കാനെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടികളുടെ അഴിമതിയാണ് കിഫ്ബിയില്‍ നടക്കുന്നത്. ഇത് സിഎജി കണ്ടെത്തുമെന്ന് ഭയന്നാണ് മുന്‍കൂട്ടിയുള്ള ഐസകിന്‍റെ പത്രസമ്മേളനം. നിയമപരമായും ഭരണഘടനാപരമായും ധനമന്ത്രി കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടത് തെറ്റാണ്. നിയമസഭയുടെ മേശപ്പുറത്താണ് സിഎജിയുടെ ഫൈനല്‍ റിപ്പോര്‍ട്ട് വെക്കേണ്ടത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതി പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. അതിന്‍റെ തിരിച്ചടി ഒഴിവാക്കാനാണ് ശ്രദ്ധതിരിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരുനിമിഷം അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. സി.എ.ജി. ഭരണഘടനാ സ്ഥാപനമാണ്. അഴിമതികളും ക്രമക്കേടുകളും കണ്ടെത്താന്‍ ബാധ്യസ്ഥമാണ്. അക്കൗണ്ടുകള്‍ പരിശോധിക്കാനും ബാധ്യസ്ഥരാണ്. സര്‍ക്കാരിന്‍റെ അഴിമതികള്‍ കണ്ടെത്താന്‍ ആരും മുന്നോട്ടുവരരുതെന്നാണ് ഇവരുടെ നിലപാട്. അഴിമതി മൂടിവെക്കുന്നത് നടക്കുന്ന കാര്യമല്ല. സിഎജി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മുന്‍സര്‍ക്കാരുകള്‍ക്കെതിരേ സമരം നടത്തിയവരാണ് ഇപ്പോള്‍ സിഎജിക്കെതിരേ രംഗത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.