മമ്പാട് ദമ്പതികൾ കുട്ടികളെ പൂട്ടിയിട്ടു; കണ്ണിന് ഗുരുതര പരിക്ക്; രണ്ടാനമ്മ അടിച്ചെന്ന് കുട്ടി

Jaihind News Bureau
Wednesday, February 10, 2021

മമ്പാട് ഇതര സംസ്ഥാനക്കാരായ ദമ്പതിമാർ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കുട്ടികളിൽ ഒരാളുടെ രണ്ട് കണ്ണിനും ഗുരുതര പരിക്ക്. കണ്ണ് തുറക്കാൻ സാധിക്കാത്ത സ്ഥിതിയിലാണുള്ളത്. നാലും അഞ്ചും വയസുള്ള പത്മപ്രിയ, ഭുവനേശ്വർ എന്നിവരെയാണ് തമിഴ്നാട് സ്വദേശി തങ്കരാജും ഭാര്യ മരിയമ്മയും വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്. മാരിയമ്മ കുട്ടികളുടെ രണ്ടാനമ്മയാണ്. അമ്മ അടിച്ചെന്നും ഇനി അമ്മയെ കാണണ്ടെന്നും വീട്ടിൽ പോകണ്ടെന്നുമാണ് കുട്ടികളിലൊരാൾ പറഞ്ഞു. ഭക്ഷണം ലഭിക്കാതെ അവശനിലയിലായ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടികളുടെ ദേഹത്താകെ അടിയേറ്റ പാടുകളാണുള്ളത്. ഭക്ഷണം കൊടുക്കാതെ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടാണ് ദമ്പതികൾ പുറത്തു പോകുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. അധികൃതർ എത്തി പൂട്ടു പൊളിച്ച് വീട്ടിൽ പ്രവേശിച്ചപ്പോൾ ആണ് കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. ദിവസങ്ങളായി ഭക്ഷണം കിട്ടാതെ അവശരായ കുട്ടികൾ നേരെ നിൽക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു.