ഓയൂരിലെ തട്ടിക്കൊണ്ടുപോക്ക്; പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

 

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്‍റ് ചെയ്ത ചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം.

കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരില്‍ പത്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് പത്മകുമാര്‍.

സംഭവം നടന്ന് അഞ്ചാം നാളാണ് പ്രതികളെ പിടികൂടുന്നത്. ചാത്തന്നൂരിലെ പത്മകുമാറിന്‍റെ വീടിനു മുന്നില്‍ ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍ നിര്‍ത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീട് ഏതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

തട്ടിക്കൊണ്ടുപോയ കേസിൽ നിർണ്ണായകമായത് കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ്. നീല കാറിന്‍റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുറ്റവാളികളുടെ നീക്കം മനസിലാക്കാൻ സഹായിച്ചത്. മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് തെങ്കാശിയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന സംഘത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്തുന്നതിനു സഹായിച്ചു. വെള്ളയും നീലയും കാറുകളും കസ്റ്റഡിയിലെടുത്തു. വര്‍ക്കല അയിരൂരിൽ നിന്നും തെങ്കാശിയിൽ നിന്നുമാണ് കാറുകള്‍ കണ്ടെടുത്തത്.

27-ന് വൈകിട്ടാണ് ട്യൂഷന്‍ സെന്‍ററിലേക്കു പോകുകയായിരുന്ന കുട്ടിയെ സംഘം വെള്ള നിറത്തിലുള്ള കാറിൽ തട്ടിക്കൊണ്ടുപോയത്. രാത്രി എവിടെയോ കുട്ടിയുമായി തങ്ങിയശേഷം പിറ്റേന്ന് നീല നിറത്തിലുള്ള കാറിൽ നഗരത്തിലെത്തിച്ചതായാണ് കുട്ടി പറഞ്ഞത്. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലിങ്ക് റോഡിൽനിന്ന് ഓട്ടോയിൽ കയറ്റി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നു കളയുകയായിരുന്നു. സ്ത്രീ കുട്ടിയെ ഓട്ടോയില്‍ കൊണ്ടുവരുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങളും തെളിവായി കിട്ടി.

Comments (0)
Add Comment