കൊയിലാണ്ടിയില്‍ യുവാവിനെ ഒരു സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി ; സ്വർണ്ണക്കടത്തെന്ന് സംശയം

Jaihind Webdesk
Tuesday, July 13, 2021

 

കോഴിക്കോട് : കൊയിലാണ്ടിയിൽ അഞ്ചംഗ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. ഊരള്ളൂർ സ്വദേശി അഷ്റഫിനെയാണ് തട്ടികൊണ്ടുപോയത്. സംഭവത്തിനു പിന്നിൽ സ്വർണക്കടത്തു സംഘമെന്ന് സംശയിക്കുന്നതായാണ് പൊലീസ് പറയുന്നത്.

ഇന്നു രാവിലെ ഊരള്ളൂരിലെ വീട്ടില്‍വെച്ചാണ് അഷ്റഫിനെ വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കളെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി ബന്ധുക്കളുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു.

ഒന്നരമാസം മുമ്പാണ് അഷ്റഫ് വിദേശത്തുനിന്നെത്തിയത്. സ്വര്‍ണക്കടത്തില്‍ കാരിയറായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് പൊലീസിന്‍റെ സംശയം. ഇയാളുടെ കയ്യില്‍കൊടുത്തുവിട്ട സ്വര്‍ണം മാറ്റാര്‍ക്കെങ്കിലും കൈമാറിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.