മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി തുർക്കിഷ് പത്രം സബാ. സൗദി കോൺസുലേറ്റിൽ കൊലപ്പെടുത്തിയ ശേഷം ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി അഞ്ച് സ്യൂട്ട് കേസുകളിൽ നിറച്ച് കടത്തിയെന്നാണ് തുർക്കിഷ് പത്രം റിപ്പോർട്ട് ചെയ്തത്
സൗദി കോൺസുലിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ വീടിനടുത്തേക്കാണ് ഈ സ്യൂട്ട് കേസുകൾ മാറ്റിയത്. ഖഷോഗിയെ കൊലപ്പെടുത്തിയ ഒക്ടോബർ രണ്ടിന് തന്നെയാണ് മൃതദേഹം സ്യൂട്ട്കേസുകളിലാക്കി മാറ്റിയതെന്ന് തുർക്കിഷ് പത്രം സബാ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
കൊലപാതകം നടത്തിയ 15 അംഗ സംഘത്തിലെ പ്രധാനികൾ മഹർ മുത്റബ്, സല തുബൈജി, താ അൽ ഹർബി എന്നിവരാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മുത്റബ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അടുത്ത സഹായിയാണ്. തുബൈജി സൗദി സയന്റിഫിക് കൗൺസിൽ ഓഫ് ഫോറൻസികിന്റെ തലവനും സൗദി സൈന്യത്തിൽ കേണൽ കൂടിയാണ് ഇയാൾ. സൈന്യത്തിൽ ലെഫ്റ്റനന്റായ അൽ ഹർബിക്ക് കഴിഞ്ഞവർഷം ധീരതയ്ക്കുള്ള അവാർഡ് നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇതോടെ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പങ്ക് കൂടുതൽ വെളിപ്പെടുകയാണ്. മുഹമ്മദ് ബിൻ സൽമാന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന തുർക്കി പ്രസിഡന്റ് റസിപ് തയ്യിബ് എർദോഖന്റെ വാദം ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിലെത്തിയ ഖഷോഗിയെ കാണാതായത്. ആദ്യം കോൺസുലേറ്റിൽ നിന്ന് പുറത്ത് പോയെന്ന് പറഞ്ഞ സൗദി, പിന്നീട് തർക്കത്തിനിടെ കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ചിരുന്നു. ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യാന്തര തലത്തിൽ സൗദിക്കുനേരെ കടുത്ത പ്രതിഷേധമാണ് ഉയർന്നുവരുന്നത്.