നീറ്റ് വിഷയം അവതരിപ്പിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്തു; ചോദ്യപേപ്പർ ചോർച്ച പാർലമെന്‍റിലുയർത്തി പ്രതിപക്ഷം

 

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ വിഷയം പാർലമെന്‍റിന്‍റെ ഇരുസഭകളിലും ഉയർത്തി പ്രതിപക്ഷം. വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ഇരു സഭകളിലും പ്രതിഷേധമുയർന്നു. രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്തതും പ്രതിഷേധത്തിനിടയാക്കി. ലോക്സഭ തിങ്കളാഴ്ചവരെ പിരിഞ്ഞു. രാജ്യസഭയിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ നീറ്റിൽ ചർച്ച ആവശ്യപ്പെട്ടു. ഖാർഗെയുടെ മൈക്കും ഓഫ് ചെയ്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ടുതവണ സഭ നിർത്തിവെച്ചു.

ചോദ്യപേപ്പർ ചോർച്ച ലോക്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിപക്ഷവും ഭരണ പക്ഷവും വിദ്യാർത്ഥികൾക്കൊപ്പമാണെന്ന സന്ദേശം നൽകണമെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. 12 മണി വരെ നിർത്തിവെച്ച ലോക്സഭ പിന്നീട് ചേർന്നപ്പോഴും പ്രതിഷേധം ഉയർന്നതോടെ തിങ്കളാഴ്ച വരെ സഭ നിർത്തിവെക്കുന്നതായി സ്പീക്കർ അറിയിച്ചു. താന്‍ മൈക്ക് മ്യൂട്ട് ചെയ്തിട്ടില്ലെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല വിശദീകരിച്ചു. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിലുള്ള ചർച്ചയാണ് അജണ്ടയെന്നും അല്ലാത്ത കാര്യങ്ങള്‍ സഭാ രേഖകളിലുണ്ടാവില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. അതേസമയം സർക്കാരിന് അസഹിഷ്ണുതയാണെന്നും പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്തത് തെറ്റായ നടപടിയാണെന്നും കെ.സി. വേണുഗോപാല്‍ എംപി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment