കൂട്ടപ്പരിശോധന അശാസ്ത്രീയം ; ലാബ് സൗകര്യവും ആളെണ്ണവും വർധിപ്പിക്കണം ; സർക്കാരിന് ഒമ്പതിന നിർദേശങ്ങളുമായി കെജിഎംഒഎ

 

തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്ന കൊവിഡ് കൂട്ടപ്പരിശോധനയില്‍ ഗവണ്‍മെന്‍റിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടി. ലാബ് സൗകര്യവും ആളെണ്ണവും കൂട്ടണമെന്നും ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സംവിധാനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് വലിയ രീതിയിലുള്ള ആര്‍ടിപിസിആര്‍ പരിശോധനയെ സംഘടന എതിര്‍ക്കുന്നത്. കേരളത്തിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്കു താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നു. പരിശോധനാ ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ ഓഗ്മെന്‍റഡ് ടെസ്റ്റിന്‍റെ ഫലം ഇപ്പാഴും പൂര്‍ണമായും ലഭ്യമായിട്ടില്ല. ഇത് ടെസ്റ്റിന്‍റെ ഉദ്ദേശം തന്നെ വിഫലമാക്കുന്നതാണ്.

ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണം. കൂടുതല്‍ ആന്‍റിജന്‍ ടെസ്റ്റിംഗ് കിറ്റ് ഉറപ്പാക്കണം. ആര്‍ടിപിസിആര്‍ പരിശോധന രോഗലക്ഷണമുള്ളവരിലും സമ്പര്‍ക്ക പട്ടികയിലുള്ളവരിലുമായി നിജപ്പെടുത്തണം. സര്‍ക്കാര്‍ സംവിധാനത്തിലെ ലാബ് ടെക്‌നീഷ്യന്‍മാര്‍, ദന്തല്‍ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി ഉറപ്പ് വരുത്തുകയും വേണം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കുറവ് വലിയ തോതില്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം.

വീടുകളില്‍ ചികിത്സ പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്വാറന്‍റൈന്‍ സെന്‍റര്‍ ആരംഭിക്കുകയും ചെയ്യണം. ക്വാറന്‍റൈന്‍ ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിനു കൂടി വിഭജിച്ച് നല്‍കണം. പുതിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍, സെക്കന്‍റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ എന്നിവ തുടങ്ങുമ്പോള്‍ അടുത്ത 6 മാസത്തേക്കെങ്കിലും താല്‍ക്കാലിക നിയമനം വഴി ജീവനക്കാരെ ഉറപ്പ് വരുത്തണം. ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകള്‍ തദ്ദേശഭരണ വകുപ്പിനാകണം. എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കൊവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കണമെന്നും കെജിഎംഒഎ നിര്‍ദേശിച്ചു. കൂട്ടപ്പരിശോധനയുടെ അപ്രായോഗികതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി സർക്കാർ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് കത്തയച്ചു.

കെ.ജി.എം.ഒ.എ മുഖ്യമന്ത്രിയ്ക്കയച്ച കത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ :

കോവിഡ് പ്രതിരോധ ചികിത്സാരംഗത്ത് കഴിഞ്ഞ ഒന്നര വര്‍ഷമായി ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ സ്വന്തം ആരോഗ്യം പോലും തൃണവത്കരിച്ച് ആത്മസമര്‍പ്പണത്തോടെ ജോലി ചെയ്തു വരുന്നു. പൊതുജനാരോഗ്യരംഗത്തെ വിദഗ്ദരുടെ കൂട്ടായ്മ എന്ന നിലയിലും കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി ഈ മഹാമാരിക്കെതിരെ പോരാടിയ ഫീല്‍ഡ് തല പരിജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ കെ ജി എം ഒ എ ഈ വിഷയത്തില്‍ ഞങ്ങളുടെ ആശങ്കകള്‍ അറിയിക്കുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.

1. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് സ്വാഗതാര്‍ഹമാണ് എന്നാല്‍ നിലവിലെ സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  നമ്മുടെ അടിസ്ഥാന സൗകര്യം കൂടെ പരിഗണിക്കുമ്പോള്‍ ഇതിന്റെ പ്രായോഗികതയിലും ശാസ്ത്രീയതയിലും കെ ജി എം ഒ എ ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. നമ്മുടെ RTPCR ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോള്‍ ചെയ്യുന്നത്. പരിശോധന ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ  കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ കൂട്ടപ്പരിശോധനയുടെ  ഫലം ഇപ്പാഴും പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല.  ഇത് കൂട്ടപ്പരിശോധനയുടെ ഉദ്ദേശം  തന്നെ വിഫലമാക്കുന്നതാണ്. മാത്രമല്ല ചികിത്സാര്‍ത്ഥം നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭ്യമാവുന്നതിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. പരിശോധന സാമ്പിള്‍ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പില്‍ പരിമിതമാണ്. ഈ വസ്തുതകള്‍ പരിഗണിക്കാതെ വീണ്ടും കൂട്ട പരിശോധന നടത്താനുള്ള തീരുമാനം നമ്മുടെ ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും എന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഈ വസ്തുതകള്‍ കണക്കിലെടുത്ത് പരിശോധന രോഗലക്ഷണമുള്ളവരിലും അവരുടെ  പ്രാഥമിക സമ്പര്‍ക്കത്തിലേക്കും  ടാര്‍ഗറ്റ് ഗ്രൂപ്പിലേക്കും  നിജപ്പെടുത്തണം. മുഴുവന്‍ ജനങ്ങളും രോഗവ്യാപനം തടയുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു എന്ന് കര്‍ശനമായി ഉറപ്പു വരുത്തുകയുമാണ് ഈ മഹാമാരിയുടെ   ഇന്നത്തെ അവസ്ഥയില്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്.

RTPCR  പരിശോധന  കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ ലഭ്യതയും ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ സംവിധാനത്തിലെ സ്രവ ശേഖരണം  ലാബ് ടെക്‌നീഷ്യന്‍മാര്‍, ദന്തല്‍ ഡോക്ടര്‍മാര്‍, MLSP, സ്റ്റാഫ് നേഴ്‌സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി ഉറപ്പു വരുത്തുകയും വേണം.  ഡേറ്റ എന്ററി ഓപ്പറേറ്റര്‍മാരുടെ കുറവ് വലിയ തോതില്‍ ഈ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം.

2. വീട്ടില്‍ തന്നെയുള്ള പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്വാറന്റീന്‍ സെന്റര്‍ പോലെ Domiciliary Care Center തുടങ്ങുകയും വേണം. ഇതിലൂടെ മാനവ വിഭവശേഷി  ഉപയോഗം കുറക്കാന്‍ സാധിക്കും. ക്വാറന്റീന്‍  ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിന് കൂടി വിഭജിച്ച് നല്‍കണം.

3. പുതിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ തുടങ്ങുമ്പോള്‍ അടുത്ത 6 മാസത്തേക്കെങ്കിലും താല്‍ക്കാലിക നിയമനം വഴി ഉറപ്പ് വരുത്തണം. ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകള്‍ തദ്ദേശഭരണ വകുപ്പിനാകണം. ഓരോ ജില്ലകളിലും നിശ്ചിത എണ്ണം CFLTC കള്‍  തുടങ്ങുകയും ഓരോ CFLTC യും പ്രാപ്തി  ഉപയോഗപ്പെടുത്തിയതിന് ശേഷം മാത്രം പുതിയ CFLTC കള്‍ തുടങ്ങുന്നുള്ളു എന്ന് ഉറപ്പു വരുത്തണം

 4) എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. അര്‍ഹതപ്പെട്ടവര്‍ക്ക് KASP പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം.

5. ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുക.

6. കോവിഡ് വാക്‌സിനേഷന്‍ വേഗത്തില്‍ പരമാവധി പേരിലേക്ക് എത്തിക്കേണ്ടതുണ്ട്.

  • വാര്‍ഡ് തല സമിതികള്‍ വഴി ഓരോ വാര്‍ഡിലും വാക്‌സിനര്‍ഹരായവരെ രജിസ്റ്റര്‍ ചെയ്യണം.
  •  കൂടുതല്‍  മെഗാ ക്യാമ്പുകളും സംഘടിപ്പിക്കുക
  • താലൂക് തലത്തില്‍ വിസ്തീര്‍ണമനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍രൂപീകരിക്കുക
  •  മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കുക.
  • വാക്‌സിനേഷന്‍ സെന്ററുകളുടെ വിവരവും ലഭ്യമായ വാക്‌സിന്റെ കാര്യം ജനങ്ങളെ  മാധ്യമങ്ങളിലൂടെ അറിയിക്കുവാനുള്ള സംവിധാനം ഉണ്ടാവണം
  • സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍വീസ് ചാര്‍ജ്ജ് മാത്രം ഈടാക്കി വാക്‌സിന്‍ സൗജന്യമാക്കുക
  • വാക്‌സിന്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ പൊതു ജനങ്ങളില്‍ അവബോധമുണ്ടാക്കുക
  • വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നതിനായി കൂടുതല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരെ കോവിഡ് ബ്രിഗേഡിന്റെ
    കീഴില്‍ നിയമിക്കുണം. ഫീല്‍ഡ് തല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം മഴക്കാലപൂര്‍വ്വപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗമുണ്ടാവാതിരിക്കാന്‍ ഇത് ആവശ്യമാണ്.

7. എല്ലാ തരം ആള്‍ക്കൂട്ടങ്ങളും നിയമപരമായി തന്നെ നിയന്ത്രിക്കണം.

8. ആരോഗ്യജീവനക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ,ഓര്‍ഡറുകളും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തലത്തില്‍ നിന്നു തന്നെ ഉണ്ടാവുകയും, അതു എല്ലാജില്ലകളിലും ഒരു പോലെ പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ  പൊതുജനാരോഗ്യ സംബന്ധമായ വിഷയങ്ങളിലുള്ള ചര്‍ച്ചയിലും നയരൂപീകരണത്തിലും പരിഗണിക്കപ്പെടണം . കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് പിന്തുണയേകുന്ന തരത്തിലുള്ള സമീപനമായിരിക്കണം അധികാരികളില്‍ നിന്ന് ഉണ്ടാകേണ്ടത് എന്ന് സംഘടന ആവശ്യപ്പെടുന്നു.

9. വൈറസിന്‍റെ ജനിതക ശ്രേണീകരണം, ഗവേഷണം തുടങ്ങിയവ നടത്തുകയും അവയുടെ ഫലം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുകയും വേണം.

Comments (0)
Add Comment