സംസ്ഥാനത്ത് കൊവിഡ് അതിതീവ്രം ; രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ വേണം- കെജിഎംഒഎ

തിരുവനന്തപുരം : കൊവിഡ് രോഗവ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് കെജിഎംഒഎ ഇക്കാര്യം സൂചിപ്പിച്ചത്. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്നുമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ആവശ്യപ്പെട്ടിരിക്കുന്നത്.

വായുവിലൂടെ തന്നെ വൈറസ് വ്യാപിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍ ആളുകള്‍ പുറത്തിറങ്ങുന്നത് വ്യാപനത്തോത് വര്‍ധിപ്പിക്കും. മാത്രവുമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ് നിലവില്‍ സംസ്ഥാനത്ത്. ഇത് അപായ സൂചനയാണ് .ഇത് രോഗികളുടെ വര്‍ധന ഇനിയും കൂടുമെന്ന സൂചനയാണ്‌ നല്‍കുന്നത്. നേരത്തെ ഐഎംഎ ലോക്ക് ഡൗണ്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സര്‍ക്കാര്‍ സംഘടനയായ കെജിഎംഒഎ തന്നെ ഇക്കാര്യം ഉന്നയിച്ചിരിക്കുകയാണ്.

ഗുരുതരരോഗികളെ മാത്രമേ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യാവൂ എന്നും ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് സംസ്ഥാനത്തുണ്ടെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ഐസിയു ബെഡ്ഡുകളുടെ കണക്കുകള്‍ പ്രസിദ്ധീകരണമെന്നതുള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങളാണ് കെജിഎംഒഎ ഉന്നയിച്ചിരിക്കുന്നത്.

 

Comments (0)
Add Comment