കെവിന് കേസില്‍ ഗാന്ധി നഗര്‍ എസ്.ഐ ആയിരുന്ന എം.എസ് ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. എസ്.ഐയെ തിരികെ സർവീസിൽ പ്രവേശിപ്പിച്ചത് റദ്ദാക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. സസ്പെന്‍ഷനിലായിരുന്ന എസ്.ഐ, ഐജിയുടെ ഉത്തരവിനെ തുടര്‍ന്ന് സര്‍വീസില്‍ തിരികെ പ്രവേശിക്കുകയായിരുന്നു.
കെവിൻ വധ കേസിൽ കൃത്യവിലോപം കാട്ടിയ ഗാന്ധി നഗർ എസ്.ഐ ഷിബു എറണാകുളം റെയ്ഞ്ച് ഐ.ജി വിജയ് സാക്കറെയുടെ ഉത്തരവ് പ്രകാരമാണ് തിരികെ സർവീസിൽ പ്രവേശിച്ചത്. എന്നാൽ ഷിബുവിനെ തിരികെ ഡ്യൂട്ടിയിൽ പ്രവേശിപ്പിച്ചത് നീതിനിഷേധമാണെന്ന് കെവിന്റെ കുടുംബം പറഞ്ഞു. ഇതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കെവിന്റെ കുടുംബം പരാതി നൽകി. ഷിബുവിനെ തിരികെ സർവീസിൽ പ്രവേശിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകിയത്. ആവശ്യമുള്ള നടപടി സ്വീകരിക്കാമെന്ന് കെവിന്റെ കുടുംബത്തെ മുഖ്യമന്ത്രി അറിയിച്ചു.
കെവിൻ വധത്തിന് ശേഷം ഒരുവർഷം പിന്നിടുന്ന അവസരത്തിലാണ്, കൃത്യ വിലോപം കാട്ടിയ എസ്.ഐ തിരികെ സർവീസിൽ പ്രവേശിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ ഉടന്‍തന്നെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് എസ്.ഐ ഷിബു നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു.