കെവിനെ പുഴയിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് ഫോറൻസിക് റിപ്പോർട്ട്. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറൻസിക് വിദഗ്ധർ വിചാരണക്കോടതിയിൽ മൊഴി നൽകി. ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് മൊഴി.
കെവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വിശദീകരിച്ചുകൊണ്ടാണ് ഫോറൻസിക് വിദഗ്ധർ ഇന്ന് കോടതിയിൽ മൊഴി നൽകിയത്. രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെവിനെ മുക്കിക്കൊന്നത് തന്നെയാണെന്ന് ഫോറൻസിക് സംഘം പറയുന്നത്. കെവിന്റെ ശ്വാസകോശത്തിൽ കണ്ടെത്തിയ വെള്ളത്തിന്റെ അളവാണ് ഒരു കാരണം. ബോധത്തോടെ ഒരാളെ മുക്കിയാൽ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തിൽ കയറൂ എന്ന് ഫോറൻസിക് സംഘം വിശദീകരിച്ചു.
അരക്കൊപ്പം വെള്ളം മാത്രമേ സ്ഥലത്തുള്ളൂ എന്നും ബോധത്തോടെ ഒരാൾ വീണാൽ ഇത്രയും വെള്ളം ശ്വാസകോശത്തിൽ കയറില്ലെന്ന് സ്ഥലം സന്ദർശിച്ച ഫോറൻസിക് സംഘം മൊഴി നൽകി. ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷൻ വാദിച്ച കേസിൽ അതിവേഗവിചാരണ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുകയാണ്.