വായ്പയെടുക്കാന്‍ അനുമതിയില്ല : സംസ്ഥാനത്ത് അടുത്തമാസം ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങുന്ന സ്ഥിതി

Jaihind Webdesk
Thursday, May 12, 2022


കേരളം സാമ്പത്തികമായി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്തിന് വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതെ വന്നതോടെ അടുത്തമാസം ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങുന്ന സാഹചര്യമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്‍റെ വായ്പയായി കണക്കാക്കണമെന്നാണ് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന്‍റെ നിലപാട്. കിഫ്ബി എടുക്കുന്ന വായ്പയടക്കം സംസ്ഥാനത്തിന്‍റെ കണക്കില്‍ ഉള്‍പ്പെടുത്താനാവില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം കേന്ദ്രം തള്ളുകയായിരുന്നു.

കടപ്പത്രങ്ങളുടെ ലേലം വഴി ഈ മാസം 2000 കോടി കടമെടുക്കാനായിരുന്നു ധനവകുപ്പിന്‍റെ ആലോചന. സാമ്പത്തികവര്‍ഷാരംഭത്തിലെ കടമെടുപ്പിന് കേന്ദ്ര സാമ്പത്തികകാര്യമന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമാണ്. ഇതിനിടിയാണ് പൊതുമേഖലാ സ്ഥാപനങ്ങളെടുക്കുന്ന വായ്പ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയുടെ ഭാഗമാണെന്നും കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയം നിലപാടെടുത്തത്.

കേന്ദ്രത്തിന്‍റെ നിലപാട് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമോയെന്ന ആശങ്ക ധനവകുപ്പിനുണ്ട്. നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളും കമ്പനികളും കിഫ്ബിയും അടക്കം എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്‍റെ കടമായി മാറാനിടയുണ്ട്. ഇത് സംസ്ഥാനത്തിന് കടമെടുക്കാവുന്ന തുകയില്‍ ഗണ്യമായ കുറവുവരുത്തും. 28800 കോടിയായിരുന്നു കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളമെടുത്ത കടം. പൊതുമേഖലാ സ്ഥാപനങ്ങളെടുക്കുന്ന കടം സംസ്ഥാനത്തിന്‍റെ കണക്കില്‍ വരില്ലെന്നും മറിച്ചുള്ള വാദത്തിന് നിയമസാധുതയില്ലെന്നുമാണ് ധനവകുപ്പിന്‍റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ധനവകുപ്പ് മറുപടി നല്‍കിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കടമെടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന സ്ഥിതിയായതിനാല്‍ തുടര്‍നടപടി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ധനമന്ത്രി ചര്‍ച്ച നടത്തും. സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ നിലപാടിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതും പരിഗണനയിലുണ്ട്.