ചിലവ് കൂടുന്നു വരവ് കുറയുന്നു ; കടത്തില്‍ നിന്നും കടത്തിലേക്ക് കേരളം

Jaihind Webdesk
Sunday, October 3, 2021


തിരുവനന്തപുരം :  ഖജനാവ് കാലിയായി സംസ്ഥാനം കടത്തിലേക്ക് കൂപ്പ് കുത്തുമ്പോഴും പകരം വരുമാന മാർഗങ്ങൾ കണ്ടെത്താൻ കേരളത്തിന് കഴിയുന്നില്ല. റവന്യൂകമ്മി ഉയരുന്നത് സംസ്ഥാനം  സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സൂചനയാണ് നല്‍കുന്നത്. നികുതി വരുമാനം ഇടിയുന്നതും അനാവശ്യ ചെലവുകൾ പിടിച്ചുനിർത്താനാകാത്തതും തിരിച്ചടിയാണ്.

സംസ്ഥാനത്തിന്‍റെ ആകെ വരുമാനത്തിന്‍റെ 48% ശമ്പളത്തിനും പെന്‍ഷനും വേണ്ടിയും , വായ്പ്പകള്‍ തിരിച്ചടയ്ക്കാന്‍ 18% വും വികസനത്തിനും ദൈനംദിന ചിലവുകള്‍ക്കും ബാക്കി 34 % വിനയോഗിക്കണം എന്നിരിക്കെ മേല്‍പറഞ്ഞ ചിലവുകള്‍ക്ക് ഉള്‍പ്പടെ 60 % മാത്രമേ സർക്കാരിലേക്ക് എത്തുന്നുള്ളു. 2019-20 വർഷത്തെ റവന്യൂ കമ്മി 13,026 കോടി ആയിരുന്നത് 2020-21 ല്‍ 17474 കോടിയായി ഉയർന്നു.

നദികളിൽ നിന്നും മണൽവാരി വിൽക്കൽ, ഡിജിറ്റൽ പ്ലാറ്റ് ഫോം വിപുലപ്പെടുത്തി 20 ലക്ഷം തൊഴിൽ സൃഷ്ടിക്കൽ, അതിലൂടെ വരുമാന വർദ്ധനവ്, ആരോഗ്യരംഗത്തെ സാധ്യതകളിൽ ആഗോള മെഡിക്കൽ ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റൽ എന്നിവയെല്ലാം  വാഗ്ദാനങ്ങള്‍ മാത്രമായി. ചിട്ടിയും, ലോട്ടറിയും, മദ്യവുമല്ലാതെ നികുതി വരുമാനത്തിലും നികുതി ഇതര വരുമാനത്തിൽ കാര്യമായ ഒരു മാറ്റവും കഴിഞ്ഞ വർഷങ്ങളിലൊന്നുമുണ്ടായിട്ടില്ല. ഏറെ പ്രതീക്ഷയോടെ വരവേറ്റ ജിഎസ്ടി കേരളത്തിന്‍റെ സാമ്പത്തിക അവസ്ഥയെ തളർത്തി. കേന്ദ്രത്തിന്‍റെ  പുതിയ പരിഷ്ക്കാരങ്ങളും സംസ്ഥാനത്തിന് തലവേദനയാണ്.  കുറയുന്ന നികുതി വിഹിതം ഇരട്ടി പ്രഹരമായി മാറുന്നു.