കേരളഹൗസില്‍ ചട്ടം മറികടന്ന് എന്‍ജിഒ യൂണിയന്‍ നേതാവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ഡല്‍ഹി കേരള ഹൗസില്‍ ചട്ടം മറികടന്ന് എന്‍ജിഒ യൂണിയന്‍ നേതാവിന് ഉയര്‍ന്ന സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം. ഐഎഎസുകാരെ നിയമിച്ചിരുന്ന പദവിയില്‍ കണ്ണൂര്‍ സ്വദേശിയായ കെഎം പ്രകാശനെ നിയമിക്കാനുള്ള ഫയല്‍ ധനമന്ത്രിയുടെ മുന്നിലെത്തി. ഫയല്‍ നീക്കം വേഗത്തിലാക്കാനാണ് പൊതുഭരണ വകുപ്പിന്റെ നിര്‍ദ്ദേശം. കേരളഹൗസിലെ കണ്‍ട്രോളര്‍ ആദ്യം നിയമിച്ചിരുന്നത് ഐ.എ.എസുകാരെ, പിന്നീട് അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നിവര്‍ക്കായി മാറ്റി. നിലവില്‍ റിസപ്ഷന്‍ മാനേജരായ കെ.എം പ്രകാശനെ കണ്‍ട്രോളര്‍ ആയി നിയമിക്കാനാണ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നത്. റിസപ്ഷന്‍ മാനേജര്‍ തസ്തിക ഇതിനായി ഗസറ്റഡ് പദവിലേക്ക് ഉയര്‍ത്തി. ഇതിനുശേഷം കണ്‍ട്രോളര്‍ പദവിയില്‍ നിയമിക്കാനാണ് നീക്കം. ഫയല്‍ പൊതുഭരണ വകുപ്പും, ധനവകുപ്പും കടന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ മുന്നിലെത്തി. കണ്ണൂര്‍ സ്വദേശിയും എന്‍.ജി.ഒ യൂണിയന്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ് കെ.എം.പ്രകാശന്‍. ചട്ടങ്ങള്‍ മറികടന്നുള്ള നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. നിലവിലെ ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് കോടതിയില്‍ പോകാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ എതിര്‍പ്പ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ താല്‍പര്യമാണെന്നു ചൂണ്ടിക്കാണിച്ച് ഫയല്‍ വേഗത്തിലാക്കാനാണ് പൊതുഭരണ സെക്രട്ടറിയുടെ നിര്‍ദേശം.

 

Comments (0)
Add Comment