കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; 54 അംഗ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും

Jaihind Webdesk
Tuesday, May 9, 2023

 

ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ മാസം 15 മുതല്‍ 28 വരെ നോമിനേഷന്‍ സമര്‍പ്പിക്കാം. 54 അംഗ സംസ്ഥാന കമ്മിറ്റിയാകും നിലവില്‍ വരിക. മണ്ഡല തലം മുതല്‍ സംസ്ഥാന കമ്മിറ്റിയില്‍ വരെയാകും പുനഃസംഘടന നടത്തുക. 15 അംഗ മണ്ഡലം കമ്മിറ്റിയും 25 അംഗ നിയോജകമണ്ഡലം ജില്ലാ കമ്മിറ്റിയും 54 അംഗ സംസ്ഥാന കമ്മിറ്റിയുമാകും യൂത്ത് കോണ്‍ഗ്രസിനെ നയിക്കുക. ഏറ്റവും കൂടുതല്‍ വോട്ടു ലഭിക്കുന്ന മൂന്ന് പേരില്‍ നിന്ന് അഭിമുഖം നടത്തിയാകും സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുക.

എസ്‌.സി, എസ്.ടി, വനിതാ, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്‍പ്പെടെ 8 വൈസ് പ്രസിഡന്‍റുമാരാകും സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടാവുക. 45 പേരായിരിക്കും ജനറല്‍ സെക്രട്ടറിമാര്‍. വെങ്കിടേഷ് വെഗിക്കാവും തെരഞ്ഞടുപ്പിന്‍റെ ചുമതല.സി.ബി രതീഷാകും പ്രദേശ് റിട്ടേണിംഗ് ഓഫീസര്‍. കേരളത്തെ നാലു സോണുകളായി തിരിച്ച് ചുമതലക്കാരെയും പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തംനംതിട്ട, കൊല്ലം ഉള്‍പ്പെടുന്ന സോണ്‍ ഒന്നില്‍ കാളിമുത്തുവിനും, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ഉള്‍പ്പെടുന്ന സോണ്‍ 2 ല്‍ സൈദ് ഹസ്മത്തുള്ളക്കും, തൃശൂര്‍, പാലക്കാട്, മലപ്പുറം ഉള്‍പ്പെടുന്ന സോണ്‍ 3 ല്‍ കപില്‍ ദാമോദറും കാസര്‍ഗോഡും, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഉള്‍പ്പെടുന്ന സോണ്‍ 4 ല്‍ പുനിത് കുമാറിനുമാണ് ചുമതല.

മെയ് 10ന് മെമ്പര്‍ഷിപ്പ് ലോഞ്ചിംഗ് നടക്കുക. മെയ് 15 മുതല്‍ 28 വരെ നാമനിര്‍ദ്ദേശം നല്‍കാം. 16 മുതല്‍ 29 വരെ പരാതികള്‍ സമര്‍പ്പിക്കാനും മെയ് 30 മുതല്‍ ജൂണ്‍ നാലു വരെ നാമനിര്‍ദ്ദേശ പത്രികയുടെ സ്ക്രൂട്ടിണിയും നടക്കും. 5 ന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. ജൂണ്‍ 10 മുതല്‍ ജൂലൈ 10 വരെയാണ് മെമ്പര്‍ഷിപ്പിനുള്ള സമയപരിധി. മെമ്പര്‍ഷിപ്പ് എടുക്കുമ്പോള്‍ തന്നെ സംസ്ഥാന തലം വരെ വോട്ട് രേഖപ്പെടുത്താം . യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.