30 മലയാളികള്‍ക്ക് കേരള സർക്കാർ അയച്ചത് 2 കാറുകള്‍ : ലഗേജുകള്‍ക്കൊപ്പം വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര

Jaihind Webdesk
Monday, February 28, 2022

ന്യൂഡല്‍ഹി: യുക്രെയ്നില്‍നിന്ന് ഡല്‍ഹിയിലെത്തിയ  30 മലയാളികള്‍ക്കായി കേരള ഹൗസില്‍നിന്ന് വിമാനത്താവളത്തിലേക്കയച്ചത് വെറും രണ്ടുകാറുകള്‍. മലയാളികളെ സ്വീകരിക്കാന്‍ കേരളഹൗസ് പൂര്‍ണസജ്ജമാണെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചെങ്കിലും വിമാനത്താവളത്തിലെ കാഴ്ച മറ്റൊന്നായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് യുക്രെയ്നില്‍ നിന്നുള്ള ആദ്യവിമാനം ഡല്‍ഹിയിലിറങ്ങിയത്. നാട്ടുകാരെ വരവേല്‍ക്കാന്‍ രാത്രി രണ്ടുമുതല്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ പ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു. ഹരിയാണയും കര്‍ണാടകയും തെലങ്കാനയും വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കും തുറന്നു.

കേരള ഹൗസ് പ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയത് മൂന്നുകഴിഞ്ഞാണ്. മുപ്പതോളം മലയാളികളെ പ്രതീക്ഷിച്ച് അവരെത്തിയത് രണ്ടുകാറുമായാണ്. പതിനഞ്ചില്‍ താഴെ വിദ്യാര്‍ഥികള്‍ക്കായി ലക്ഷ്വറി വോള്‍വോ ബസുമായി യു.പി.യും മഹാരാഷ്ട്രയുമെത്തിയപ്പോഴാണ് കേരളത്തിന്‍റെ നടപടി.

എന്നാല്‍, 30 മലയാളികളില്‍ 16 പേരെ വിമാനത്താവളത്തില്‍നിന്ന് നേരിട്ട് നാട്ടിലേക്ക് കയറ്റി അയക്കാന്‍ തീരുമാനമായതോടെ 14 വിദ്യാര്‍ഥികളെ രണ്ടുകാറുകളിലെത്തിക്കാന്‍ കേരള ഹൗസ് അധികൃതര്‍ക്ക് കഴിഞ്ഞു. വളരെയധികം ലഗേജുകള്‍പ്പൊപ്പം 12 വിദ്യാര്‍ഥികളെ രണ്ടുകാറില്‍ കുത്തിനിറച്ച് ആദ്യ ട്രിപ്പ് പോയി. ബാക്കി രണ്ടുവിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും കേരളഹൗസില്‍നിന്ന് കാര്‍ തിരിച്ചുവരാന്‍ ഒരുമണിക്കൂറോളം വീണ്ടും വിമാനത്താവളത്തില്‍ കാത്തുനിന്നു. മലയാളി വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ കേരളഹൗസിലെത്തേണ്ടിവന്നു.