ശബരിമല: നിലപാടിലുറച്ച് സർക്കാരും സി.പി.എമ്മും, അന്തിമ വിധിക്ക് കാതോർത്ത് കേരളം

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടിൽ ഇടതുസർക്കാരും സി.പി.എമ്മും ഉറച്ച് നിൽക്കുമ്പോൾ അന്തിമ വിധിക്ക് കാതോർത്ത് കേരളത്തിലെ വിശ്വാസി സമൂഹം. തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നടയടച്ച സാഹചര്യത്തിൽ നിലവിലെ അവസ്ഥ വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിലാണ് സുപ്രീകോടതി വിധി നടപ്പാക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയത്. ശബരിമല നട തുറന്ന കഴിഞ്ഞ അഞ്ച് ദിവസവും നിരവധി യുവതികൾ ദർശനത്തിയായി എത്തിയിരുന്നു. ഇതേത്തുടർന്ന് കടുത്ത പ്രതിഷേധമാണ് സന്നിധാനത്തും പമ്പയിലുമടക്കം പല സ്ഥലങ്ങളിലുമുണ്ടായത്. ജനം ടിവിയൊഴികെയുള്ള മാധ്യമപ്രവർത്തകരും ശബരിമലയിലേക്ക് വന്ന ആക്ടിവിസ്റ്റുകളടക്കമുള്ള യുവതികളും കടുത്ത ആക്രമണത്തിനിരയായപ്പോൾ പലയിടത്തും പൊലീസിനും ഇടപെടേണ്ടി വന്നിരുന്നു. നിലവിൽ പ്രതിഷേധ സാധ്യതകൾ തുടരുമ്പോഴും മണ്ഡല- മകരവിളക്ക് കാലയളവിൽ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന ഉറച്ച നിലപാടാണ് മുഖ്യമന്ത്രി സി.പി.എമ്മും സ്വീകരിച്ചിട്ടുള്ളത്.

പുന:പരിശോധന ഹർജികളിൽ വാദം 13ന്
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത പുതിയ റിട്ട് ഹർജികൾ അടുത്ത മാസം 13ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി നിലപാട് അറിയിച്ചിട്ടുള്ളത്. ആകെ മൂന്ന് റിട്ട് ഹർജികളാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ളത്. ഇതോടൊപ്പമുള്ള 19 പുന:പരിശോധന ഹർജികളിലും അന്ന് തന്നെ കോടതി വാദം കേൾക്കും. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി തുറന്ന കോടതിയിലായിരിക്കും ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് പുന:പരിശോധന ഹർജികളിലടക്കം കോടതി വാദം കേൾക്കുക.് മണ്ഡലകാലം തുടങ്ങും മുമ്പ് കേസുകൾ തീർപ്പാക്കിയേക്കും. ഈ വിധിക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രാധാന്യമാണുണ്ടാവുക. നിലവിലെ സുപ്രീംകോടതി വിധി എന്തുവില കൊടുത്തും നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടിന് സി.പി.എമ്മിന് പിന്തുണയുമുണ്ട്. മണ്ഡലകാല പൂജകൾക്ക് ശബരിമല നട 16ന് തുറക്കാനിരിക്കെ പുന:പരിശോധന ഹർജിയിലെ വിധിക്ക് അതീവപ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്.

പ്രതിഷേധവുമായി സ്ത്രീകളടക്കമുള്ള വിശ്വാസിസമൂഹം
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ പ്രതിഷേധവുമായി സ്ത്രീകളടക്കമുള്ള വിശ്വാസികൾ തെരുവിലിറങ്ങിയതോടെയാണ് കേരളമാകെ പ്രതിഷേധം കത്തിപ്പടർന്നത്. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ സാന്നിധ്യമുള്ള ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നും നിലവിൽ തൽസ്ഥിതി തുടരണമെന്നുമാണ് ഭൂരിഭാഗം പേരുടെയും വാദം. ധൃതിപിടിച്ച് വിധി നടപ്പാക്കാനുള്ള സർക്കാരിന്റെ നീക്കത്തെ എതിർത്ത് എൻ.എസ്.എസാണ് ആദ്യം സമരരംഗത്തിറങ്ങുന്നത്. ഇതിനോട് അനൂകൂല പ്രതികരണവുമായി ആയിരക്കണക്കിന് പേർ തെരുവിലിറങ്ങിയതോടെ സർക്കാരിന് കനത്ത വെല്ലുവിളിയാണ് ഉയർന്നത്. നാമജപസമരമെന്ന പുതിയ സമരമുറയിലൂടെയുള്ള സഹനസമരത്തിലൂടെയാണ് വിശ്വാസി സമൂഹം വിധിക്കെതിരെയും അത് നടപ്പാക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെയും രംഗത്ത് വന്നത്.

സമരം ഹൈജാക്ക് ചെയ്ത് അക്രമമഴിച്ചുവിടാൻ സംഘപരിവാറും ഇരട്ടത്താപ്പുമായി ബി.ജെ.പിയും
യുവതീപ്രവേശന വിധിയെ ആദ്യം സ്വാഗതം ചെയ്ത ആർ.എസ്.എസും ബി.ജെ.പിയും പിന്നീട് മലക്കംമറിയുകയായിരുന്നു. വിധിയെ അനുകൂലിച്ച് ആർ.എസ്.എസിന്‍റെ താത്വികാചാര്യ സ്ഥാനത്തുള്ള ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ.സഞ്ജയന്റെ ലേഖനം ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു മുഒമ്പ് ആർ.എസ്.എസ് മുഖപത്രമായ കേസരിയിൽ സ്ത്രീപ്രവേശനമടക്കമുള്ള ക്ഷേത്രവിഷയങ്ങളെ അനുകൂലിച്ച് ആർ.ഹരിയുടെ ലേഖനവും പ്രസിദ്ധീകരിച്ചു. സ്ത്രീപ്രവേശനത്തിനെതിരായ വിശ്വാസിസമൂഹത്തിന്‍റെ പ്രതിഷേധങ്ങളെ കണക്കറ്റ് വിമർശിക്കുന്ന നിലപാടാണ് രണ്ട് ലേഖനങ്ങളിലും സംഘപരിവാർ സ്വീകരിച്ചത്. എന്നാൽ വിശ്വാസിസമൂഹം ഇത് തള്ളിക്കളഞ്ഞ് പ്രതിഷേധങ്ങളിൽ അണിനിരന്നതോടെ സമരം ഹൈജാക്ക് ചെയ്ത് അക്രമം അഴിച്ചുവിടാനായിരുന്നു സംഘപരിവാർ- ബി.ജെ.പി തീരുമാനം. ഇത്തേുടർന്ന് തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്ന സാഹചര്യത്തിൽ വിശ്വാസിസമൂഹത്തിന്റെ സഹനസമരത്തിൽ നുഴഞ്ഞുകയറി പലയിടങ്ങളിലും അക്രമമഴിച്ചുവിട്ടു. യുവതീപ്രവേശനത്തിന്റെ പേരിൽ ക്രമസമാധാനപ്രശ്‌നമുണ്ടാക്കി വിശ്വാസിസമൂഹത്തിന്റെ സമരം തങ്ങളുടേതാക്കിമാറ്റുകയെന്ന ഗൂഡലക്ഷമാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. ഇതിനായി ആർ.എസ്.എസ് അനുകൂല ചാനലായ ജനം ടിവിയൊഴികെയുള്ള മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരെയും അവരുടെ വാഹനങ്ങളെയും അക്രമത്തിനിരയാക്കി. വിധിക്കെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രത്തിലുള്ള ബി.ജെ.പി സർക്കാരിൽ സമ്മർദ്ദം ചെലുത്താത്തെ വിധിയെ രഭാഷ്ട്രീയമായി ഉപയോഗിച്ച് വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് രാഷ്ട്രീയ നേട്ടത്തിനാണ് ബി.ജെ.പി ശ്രമം തുടരുന്നത്.

ശബരിമലയിൽ ആക്ടിവിസ്റ്റുകൾ എത്തിയതിനു പിന്നിലും ദുരൂഹത
നട തുറന്ന അഞ്ച് ദിവസങ്ങളിൽ ശബരിമല ദർശനത്തിനായി നിരവധി യുവതികളാണ് എത്തിയത്. ഇതിൽ പലരും ആക്ടിവിസ്റ്റുകളാണെന്ന പ്രത്യേകതയുമുണ്ടായി. ഭക്തരല്ലാത്ത യുവതികൾ എത്തിയതോടെ കലാപസമാനമായ സാഹചര്യമാണ് പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലുമടക്കം പലയിടത്തുമുണ്ടായത്. മന:പൂർവ്വം സംഘർഷമുണ്ടാക്കണമെന്നുള്ള മനോഭാവത്തോടെ ഇവരെ എത്തിച്ചതിനു പിന്നിൽ ആരാണെന്നും വ്യക്തമായിട്ടില്ല. ഇത്രയും പ്രതിഷേധങ്ങൾ കലാപസാധ്യതയിലേക്ക് വഴിമാറുമ്പോഴും ആന്ധ്രയിൽ നിന്നുമെത്തിയ ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകരുമല്ലാത്ത അമ്പത് വയസിൽ താഴെയുള്ളവരും ദർശനത്തിന് എങ്ങനെ അവിടെ എത്തിപ്പെട്ടുവെന്നതും ദുരൂഹമാണ്. കലാപ സാധ്യത നിലനിന്നതോടെ നാല് സ്ഥലങ്ങളിൽ ചരിത്രത്തിലാദ്യമായി സർക്കാരിന് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതായും വന്നു. പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടേണ്ടിയിരുന്ന പൊലീസും പൂർണ്ണ പരാജയമായിരുന്നു. വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധങ്ങളടക്കം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യപ്രവർത്തകരടക്കം അക്രമിക്കപ്പെടുമ്പോൾ പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല.

സി.പി.എമ്മിലും മുന്നണിയിലും ഭിന്നാഭിപ്രായം
സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിനും മുന്നണിക്കുള്ളിലും ഭിന്നാഭിപ്രായം. സർക്കാർ ഇക്കാര്യത്തിൽ അനാവശ്യ ധൃതി കാട്ടിയെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തങ്കെിലും വിധി നടപ്പാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിന്തുണ നൽകാനാണ് പാർട്ടിയുടെ തീരുമാനം. വിധി സംബന്ധിച്ച് ശബരിമല തന്ത്രിയുമായും പന്തളം രാജകൊട്ടാരം മറ്റ് സംഘടനകൾ എന്നിവരുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്തിയില്ലെന്നതാണ് സർക്കാരിനേറ്റ് തിരിച്ചടി. വിധി നടപ്പാക്കുന്നസർക്കാർ നിലപാട് സംബന്ധിച്ച് വിശ്വാസികളായ സി.പി.എം പ്രവർത്തകർക്കിടയിലും അനുഭാവികൾക്കിടയിലും എതിർപ്പ് നിനലനിൽക്കുന്നതും പാർട്ടിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പാർലമെന്റ് തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കുണ്ടായ രാഷ്ട്രീയ പ്രതിരോധം മറികടക്കാൻ വിവിധയിടങ്ങളിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങളും ഗ്രഹസന്ദർശനവും സംഘടിപ്പിക്കാനാണ് സി.പി.എം നീക്കം.

സഹനസമരവുമായി വിശ്വാസികൾക്കൊപ്പം യു.ഡി.എഫ്
സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ഉറച്ച നിലപാടെടുക്കും മുമ്പ് തന്നെ വിശ്വാസികൾക്കൊപ്പം നിന്ന് സഹനസമരം ഊർജ്ജിതമാക്കാനാണ് കോൺഗ്രസും യു.ഡി.എഫും എടുത്തിട്ടുള്ള തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ പദയാത്രകളും റാലികളും സംഘടിപ്പിക്കും. എല്ലാ മതവിഭാഗക്കാരുടെയും ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന കൃത്യമായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകുന്ന പാർട്ടിയും മുന്നണിയും ആദ്യം മുതൽ തന്നെ വിശ്വാസികൾക്കൊപ്പം നിലയുറപ്പിച്ചിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാനുളള സർക്കാരിന്റെ ധൃതി പിടിച്ചുള്ള തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് കെ.പി.സി.സിയും പ്രതിപക്ഷനേതവും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകസമിതയംഗങ്ങളും രംഗത്തു വന്നിട്ടുണ്ട്.

pinarayi vijayanSabarimala
Comments (0)
Add Comment