സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ; മന്ത്രി ആർ.ബിന്ദുവും വി.സിയും തമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റ് യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാൻസിലറും തമ്മിൽ വാക്കേറ്റം യോഗത്തിലുടനീളം നാടകീയ രംഗങ്ങൾ. ഇന്ന് ചേർന്ന സെനറ്റ് യോഗം നിയമവിരുദ്ധമാണെന്ന് കാട്ടി ഇടത് അംഗം കൊണ്ടുവന്ന പ്രമേയം പാസായെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി .  പ്രമേയം പാസായില്ലെന്നും യോഗം വിളിച്ചത് താനെന്നും വിസി. യുഡിഎഫും ഗവർണറുടെ പ്രതിനിധികളും നോമിനികളെ നിർദ്ദേശിച്ചു.

കേരള സർവ്വകലാശാല വൈസ് ചാൻസിലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ കണ്ടെത്തുന്നതിന് ചേർന്ന യോഗമാണ് പോർവിളികളുമായി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. താല്‍ക്കാലിക വിസി വിളിച്ച യോഗത്തിൽ ചാൻസലറുടെ അഭാവത്തിൽ അധ്യക്ഷത വഹിക്കുവാൻ പ്രോ ചാൻസിലർ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എത്തിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞു തുടങ്ങിയത്.  യോഗം ആരംഭിച്ച ഉടൻ ഇന്നത്തെ യോഗം തന്നെ നിയമവിരുദ്ധമാണ് എന്ന നിലപാട് എടുത്ത് കൊണ്ട് ഇടത് സെനറ്റംഗം പ്രമേയം കൊണ്ടുവന്നു. യുഡിഎഫ് പ്രതിനിധികളും ഗവർണറുടെ പ്രതിനിധികളും ഇതിനെതിരെ ശക്തമായ വാദമുഖങ്ങൾ ഉയർത്തി. തർക്കം തുടരുന്നതിനിടയിൽ പ്രമേയം പാസായതായും യോഗം അവസാനിച്ചതായും അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. ഇതോടെയാണ് യോഗം വിളിച്ച താല്‍കാലിക വിസി മന്ത്രിക്കെതിരെ രംഗത്ത് എത്തിയത്. യോഗം വിളിച്ചത് താനാണെന്നും മന്ത്രിക്ക് അധ്യക്ഷതവഹിക്കാൻ അനുവാദം ഇല്ലെന്നും വിസി നിലപാടെടുത്തു.ഇതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും വാദപ്രതിവാദവും ഉണ്ടായി.

അംഗങ്ങളും ചേരി തിരിഞ്ഞതോടെ നാടകീയ രംഗങ്ങളും സംഘർഷഭരിതമായ അന്തരീക്ഷവും സെനറ്റ് യോഗത്തിൽ ഉണ്ടായി. ഇതിനിടയിൽ യു ഡി എഫ് അംഗങ്ങൾ കാലടി സർവ്വകലാശാല മുൻ വിസി എം. സി. ദിലീപ് കുമാറിന്‍റെ പേരും ഗവർണറുടെ പ്രതിനിധികൾ ആരോഗ്യ സർവ്വകലാശാല മുൻ വൈസ് ചാൻസിലർ എം. കെ. സി. നായർ പേരും യോഗത്തിൽ നിർദേശിച്ചു. ചാൻസിലറുടെ അഭാവത്തിൽ പ്രോചാൻസിലർ എന്ന നിലയിലാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചതെന്നും പ്രക്ഷുപ്തമായ സാഹചര്യത്തിൽ തീരുമാനങ്ങൾ കൈക്കൊണ്ടില്ലെന്നും പറഞ്ഞ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇത് സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞു മാറി. തീരുമാനമാകാതെ യോഗം പിരിഞ്ഞെങ്കിലും താൽക്കാലിക വൈസ് ചാൻസിലർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർക്ക് വിശദമായ റിപ്പോർട്ട് നൽകും . ഗവർണർ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

Comments (0)
Add Comment