കേരള സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ പരീക്ഷയില്‍ തെറ്റുകള്‍; പ്രതിസന്ധിയിലായി വിദ്യാര്‍ത്ഥികള്‍

Jaihind Webdesk
Monday, November 20, 2023


കേരള സര്‍വകലാശാലയുടെ എംഎ ഇക്കണോമിക്‌സ് നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യങ്ങളിലും ഉത്തര സൂചികയിലും പരക്കെ തെറ്റുകള്‍. രണ്ട് ചോദ്യങ്ങളിലും ഉത്തരസൂചികയിലെ 10 ഉത്തരങ്ങളിലുമാണ് തെറ്റ് കണ്ടെത്തിയത്. ചോദ്യകര്‍ത്താവ് തന്നെ തയാറാക്കിയ ഉത്തരസൂചിക റദ്ദുചെയ്യാന്‍ സര്‍വകലാശാല തീരുമാനിച്ചു. എം.എ ഇക്കണോമിക്‌സിന്റെ പരീക്ഷാ ഫലം വൈകുകയും വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തപ്പോഴാണ് മൂല്യനിര്‍ണയം സ്തംഭിച്ച അവസ്ഥയിലാണെന്ന് വ്യക്തമാകുന്നത്. ചോദ്യപേപ്പറിലെ 22, 25 നമ്പറുകളിലുള്ള ചോദ്യങ്ങള്‍തെറ്റാണ്. മൂല്യനിര്‍ണയത്തിനായി ചോദ്യകര്‍ത്താവു തന്നെ തയാറാക്കിയ ഉത്തര സൂചികയില്‍ 10 ചോദ്യങ്ങളുടെ ഉത്തരവും തെറ്റാണെന്ന് പീന്നീട് കണ്ടത്തുകയായിരുന്നു. പരിചയ സമ്പന്നരായ അധ്യാപകര്‍മൂല്യനിര്‍ണയത്തിനെത്തിയപ്പോഴാണ് , മൂല്യനിര്‍ണയത്തിനുള്ള സ്‌കീം പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ പോലും കണ്ടെത്താത്ത പിഴവുകള്‍ പുറത്തു വന്നത്. വേണ്ടത്ര പരിചയമില്ലാത്ത അധ്യാപകരെ ചോദ്യപേപ്പര്‍ തയാറാക്കുന്ന ചുമതല ഏല്‍പ്പിക്കുന്നതാണ് വീഴ്ചകള്‍ക്കു കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മറ്റു വിഷയങ്ങള്‍ക്കും തെറ്റായ മൂല്യനിര്‍ണയ സ്‌കീം ഉണ്ടോ എന്ന് പരിശോധക്കികുകയാണ് സര്‍വകലാശാല. പിജി ഫലം ആറുമാസത്തിലേറെ വൈകിയതോടെ വിദ്യാര്‍ത്ഥികളുടെ ജോലിസാധ്യതയും തുടര്‍പഠനവും പ്രതിസന്ധിയിലായിരുന്നു.