ഉത്തരക്കടലാസും വ്യാജസീലും കണ്ടെത്തിയ സംഭവം ഗൗരവകരമെന്ന് വി.സി; കേരള സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ വീട്ടിൽ ഉത്തരക്കടലാസും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും കണ്ടെത്തിയ സംഭവത്തില്‍ കേരള സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഗൌരവകരമെന്നും യൂണിവേഴ്സിറ്റി കോളേജ് അധികൃതർക്ക് വീഴ്ച സംഭവിച്ചെന്നും വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍പിള്ള പ്രതികരിച്ചു. സർക്കാര്‍ കോളേജുകളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും വി.സി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന പ്രതികള്‍ പിടിയിലായതിന് പിന്നാലെ ആറ് പ്രതികളെ അനിശ്ചിത കാലത്തേക്ക് കോളജിൽനിന്ന് സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിയ സംഭവത്തിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ നേതാവുമായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നുമാണ് കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തത്. ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വകലാശാല പരീക്ഷയ്ക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തിയത്.  ഇതോടൊപ്പം ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു.

പരീക്ഷയില്‍ കോപ്പി അടിക്കാന്‍ വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പൊലീസ്. നാല് കെട്ട് ഉത്തരപേപ്പറുകളാണ് ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഒരു കെട്ടില്‍ പന്ത്രണ്ട് ആന്‍സര്‍ ഷീറ്റുകളാണുള്ളത്. കേസ് അന്വേഷിക്കുന്ന കന്‍റോണ്‍മെന്‍റ് എസ്.ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്‍റെ ആറ്റുകാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വിഷയത്തിൽ കൂടുതൽ തെളിവുകൾ പുറത്തു വന്നതോടെ പി.എസ്.സി അധികൃതർ കൂടുതൽ പ്രതിരോധത്തിലായിരുന്നു.

sfiUniversity College Trivandrum
Comments (0)
Add Comment