സംസ്ഥാനത്ത് ഇനി കൊടുംവരൾച്ചയുടെ നാളുകൾ

Jaihind Webdesk
Monday, March 4, 2019

സംസ്ഥാനത്ത് ഇനി കൊടുംവരൾച്ചയുടെ നാളുകൾ. കേരളത്തിൽ എൽനിനോ മുന്നറിയിപ്പുമായാണ് കാലാവസ്ഥാ നിരീക്ഷണ ശാസ്ത്രജ്ഞർ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ചൂടിനേക്കാൾ ഇരട്ടിയിലധികം ചൂടാണ് ഈ വർഷം ഉണ്ടാകുക എന്നാണ് മുന്നറിയിപ്പ്.

കാലാവസ്ഥാ വ്യതിയാനമാണ് എൽനിനോ പ്രതിഭാസം കേരളത്തിലെത്താനുളള സാധ്യത വർധിപ്പിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. പ്രളയാനന്തരം കേരളത്തിൽ എൽനിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കടുത്ത വരൾച്ച ഉണ്ടാകുമെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതും ചൂട് കൂടുന്നതും. ഇനിയുള്ള ദിവസങ്ങളിൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കടുത്ത ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് ആരോഗ്യരംഗത്തുള്ളവരും നൽകുന്നു. പ്രളയമുണ്ടാക്കിയ മഴ മാറിയതിന് ശേഷം തുലാവർഷം ശക്തി പ്രാപിക്കാതിരുന്നതും മഴമേഘങ്ങൾ കുറഞ്ഞതും സൂര്യപ്രകാശം നേരിട്ട് പതിക്കാനിടയാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജനുവരി അവസാനം മുതൽ ചൂട് കനക്കാൻ ഇത് കാരണമായി. മാർച്ച് അവസാനത്തോടെ വേനൽമഴ ലഭിച്ചാൽ ചൂടിന് അൽപം ആശ്വാസമുണ്ടാകും. എൽനിനോ പ്രതിഭാസം വേനൽമഴയെ തടഞ്ഞുനിർത്തിയാൽ ഒരുപക്ഷേ കടുത്ത വരൾച്ചയായിരിക്കും കേരളം അഭിമുഖീകരിക്കുക.